ചില ഓന്തുകൾക്ക് നിറം മാറാനുള്ള കഴിവുണ്ട്. വിവിധ തരം ഓന്തുകൾക്ക് വിവിധ നിറങ്ങൾ സ്വീകരിക്കാനുള്ള കഴിവുണ്ട്. പിങ്ക്, നീല, ചുവപ്പ്, പച്ച, കറുപ്പ്, ബ്രൗൺ, ഇളം നീല, മഞ്ഞ, പർപ്പിൾ, ടർക്കോയ്സ് തുടങ്ങിയ നിറങ്ങൾ സ്വീകരിക്കാൻ ഓന്തുകൾക്ക് സാധിക്കും.
ഓന്തുകളുടെ നിറം മാറാനുള്ള കഴിവ് മനുഷ്യർക്ക് എപ്പോഴും കൗതുകമാണ്. അവരുടെ സ്വന്തം പച്ച, തവിട്ട് നിറങ്ങൾ ഇലകളുടെയും ശാഖകളുടെയും പശ്ചാത്തലത്തിൽ ലയിപ്പിക്കാൻ സഹായിക്കുന്നുണ്ടെങ്കിലും നിറം മാറാനുള്ള അവയുടെ കഴിവ് അതിനായി രൂപപ്പെട്ടതല്ല.
സമീപകാല ഗവേഷണങ്ങൾപ്രകാരം, ഓന്ത് നിറം മാറുന്നത് പ്രധാനമായും രണ്ട് ആവശ്യങ്ങൾക്കാണ്. ആശയവിനിമയത്തിനും താപനില നിയന്ത്രിക്കുന്നതിനും. ഹോർമോണുകൾ, താപനില, സ്വതന്ത്രനാഡീവ്യൂഹം തുടങ്ങിയവയുടെ സങ്കീർണമായ പ്രതിപ്രവർത്തനമാണ് ഇവയുടെ ഒരു പ്രത്യേക സമയത്തെ നിറം നിയന്ത്രിക്കുന്നത്.
നിറമാറ്റം നിർണയിക്കുന്നത് പ്രകാശം, താപനിലപോലുള്ള പാരിസ്ഥിതികഘടകങ്ങളും ഭയം, മറ്റൊരു ഓന്തുമായുള്ള യുദ്ധത്തിലെ വിജയപരാജയങ്ങൾ, ഇണയെ ആകർഷിക്കൽ തുടങ്ങിയ വൈകാരിക ഘടകങ്ങളുമാണ്. ഓന്തുകളുടെ തൊലിയിൽ ഇറിഡോഫോറുകൾ എന്ന സവിശേഷതരത്തിലുള്ള രണ്ടു പാളികോശങ്ങൾ കാണപ്പെടുന്നു.
ഇറിഡോഫോറുകളിൽ വ്യത്യസ്ത തരംഗദൈർഘ്യമുള്ള പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന പിഗ്മെന്റുകളും നാനോക്രിസ്റ്റലുകളും ഉണ്ട്. ഇവയ്ക്ക് ചർമത്തെ വികസിപ്പിക്കുന്നതിനും സങ്കോചിപ്പിക്കുന്നതിനും സാധിക്കും. ഇറിഡോഫോറുകൾ കൂടാതെ മഞ്ഞനിറം നൽകുന്ന സാന്തോഫോറുകൾ , ചുവപ്പുനിറം നൽകുന്ന എറിത്രോഫോറുകൾ, ചർമത്തിന്റെ മുകളിലെ പാളിയിൽ വരെ വിപുലീകരിക്കാൻ കഴിയുന്ന മെലാനോഫോറുകൾ തുടങ്ങിയ പിഗ്മെന്റുകളും കാണപ്പെടുന്നു.
ഓന്ത് വിശ്രമാവസ്ഥയിൽ ആയിരിക്കുമ്പോൾ ചർമത്തിലെ നാനോക്രിസ്റ്റലുകൾ പരസ്പരം അടുത്തുനിൽക്കുന്നു. അപ്പോൾ നീലപോലെ കുറഞ്ഞ തരംഗദൈർഘ്യമുള്ള നിറം പ്രതിഫലിപ്പിക്കുന്നു.
ഉത്തേജിതാവസ്ഥയിൽ നാനോക്രിസ്റ്റലുകൾ തമ്മിലുള്ള അകലം വർധിക്കുകയും അവ ചുവപ്പ്, ഓറഞ്ച് എന്നിങ്ങനെ തരംഗദൈർഘ്യം കൂടുതലുള്ള നിറം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഓന്തിന്റെ പച്ചനിറത്തിന് കാരണം സാന്തോഫോറിൽനിന്ന് പ്രതിഫലിക്കുന്ന മഞ്ഞനിറവും ഇറിഡോഫോറിൽനിന്ന് പ്രതിഫലിക്കുന്ന നീലനിറവും ചേരുന്നതാണ്.
ഒളിഞ്ഞിരിക്കുന്ന സന്ദർഭങ്ങളിൽ ഓന്തുകൾ ഇരുണ്ട തവിട്ടുനിറത്തിലേക്ക് മാറുന്നു. ഇതിനുകാരണം മെലനോഫോറുകൾ മുകളിലെ പാളികളിലേക്ക് വിപുലീകരിച്ച് പിഗ്മെന്റ് വിതരണംചെയ്യുന്നതാണ്. അന്തരീക്ഷത്തിലെ താപനിലയ്ക്കനുസരിച്ചും ഓന്തിന്റെ നിറംമാറുന്നു. ഇതൊക്കെയാണെങ്കിലും ഓന്തുകളുടെ നിറമാറ്റത്തെക്കുറിച്ച് ഇനിയും പൂർണമായി ശാസ്ത്രലോകത്തിന് അറിയാൻ സാധിച്ചിട്ടില്ല. ഓന്തുകൂടാതെ ചില മത്സ്യങ്ങൾ, എട്ടുകാലി, നീരാളി, പക്ഷികൾ തുടങ്ങിയ ജീവികളും നിറം മാറാറുണ്ട്. മിക്ക ജീവികളിലും ഈ നിറമാറ്റം നടക്കുന്നത് അവ നിൽക്കുന്ന ചുറ്റുപാടിനനുസരിച്ചാണ്.






