സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിന് പ്രത്യേക രജിസ്ട്രേഷന്‍ സീരീസ് ഏര്‍പ്പെടുത്താനുള്ള ഗതാഗതവകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയ്ക്ക് കൈമാറി. 'കെ.എല്‍. 99' സീരീസാണ് ഗതാഗതവകുപ്പിന്റെ നിര്‍ദേശത്തിലുള്ളത്.
'കെ.എല്‍. 99-എ' സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് നല്‍കാനാണ് നിര്‍ദേശം. 'കെ.എല്‍. 99-ബി' കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കും 'കെ.എല്‍. 99-സി' തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കും 'കെ.എല്‍. 99-ഡി' പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മാറ്റിവെക്കണമെന്ന് ഗതാഗതവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനായി മോട്ടോര്‍ വാഹനചട്ടം ഭേദഗതിചെയ്യേണ്ടതുണ്ട്.
മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് മോട്ടോര്‍വാഹനവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചത്. നയപരമായ തീരുമാനമായതിനാല്‍ മുഖ്യമന്ത്രിക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.






