ചെറു റോഡുകളിൽ നിന്ന് പ്രധാന പാതകളിലേക്ക് യാത്രക്കാരെ എത്തിക്കാൻ ഓട്ടോറിക്ഷകൾ മുതൽ മിനി വാനുകൾവരെ (സമാന്തരവാഹനങ്ങൾ) വിന്യസിക്കാൻ ഗതാഗത വകുപ്പ് ഒരുങ്ങുന്നു. ഇവയ്ക്ക് പെർമിറ്റ് നൽകും.
പ്രധാന റോഡുകളിലൂടെ ഓടുന്ന കെ.എസ്.ആർ.ടി.സി. ബസുകൾക്ക് യാത്രക്കാരെ എത്തിക്കുകയും തിരികെ കൊണ്ടുപോകുകയുമാണ് ജോലി. ബസുകൾ കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള ഇടറോഡുകളിൽ യോജ്യമായ വാഹനങ്ങൾക്കാണ് അനുമതി.
ഓട്ടോറിക്ഷകൾ മുതൽ 18 സീറ്റുവരെയുള്ള വാഹനങ്ങൾക്ക് അംഗീകാരം ലഭിക്കും. കെ.എസ്.ആർ.ടി.സി.ക്ക് കുത്തകയുള്ള ദേശസാത്കൃത റൂട്ടുകളിലേക്കുള്ള ചെറുപാതകളിൽ അംഗീകൃത സമാന്തര വാഹനങ്ങളുണ്ടാകും. ഇതിനായി പ്രത്യേക വിജ്ഞാപനം ഇറക്കും.
നിലവിൽ പ്രധാന പാതകളിൽ അനധികൃതമായി ഓടുന്ന സമാന്തര വാഹനങ്ങൾക്ക് ചെറു റോഡുകളിൽ അവസരം നൽകും. മത്സരം ഒഴിവാക്കാൻ പെർമിറ്റ് വ്യവസ്ഥയുണ്ടാകും. കോവിഡ് ലോക്ഡൗണിനുശേഷം പ്രതിസന്ധി നേരിടുന്ന ടാക്സി മേഖലയ്ക്ക് ഇത് ആശ്വാസമാവും.
യാത്രയുടെ ആരംഭം മുതൽ അവസാനം വരെ പൊതുഗതാഗത സംവിധാനത്തെ ഏകോപിപ്പിക്കുന്ന സംവിധാനമാണിത്. വീട്ടുപടിക്കൽനിന്നും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ചെറുവാഹനങ്ങൾ ലഭിക്കും. ഭാവിയിൽ ഒറ്റടിക്കറ്റിൽ ഒന്നിലധികം യാത്രാ സംവിധാനങ്ങൾ ഉപയോഗിക്കാനുമാകും.









