Hot Posts

6/recent/ticker-posts

കേരളത്തിൽ ദുരഭിമാന വധശ്രമം


എറണാകുളം : സഹോദരിയെ പ്രണയിച്ച സുഹൃത്തിനെ യുവാവ് വെട്ടിയ സംഭവം ദുരഭിമാന വധശ്രമമെന്ന് പ്രാഥമിക നിഗമനം. ദളിത് യുവാവും സുഹൃത്തുമായ അഖിൽ ശിവനും സഹോദരിയും തമ്മിലുയ ബന്ധത്തെ മുഖ്യപ്രതിയായ ബേസിൽ എൽദോസ് എതിർത്തിരുന്നു. ഇതേ തുടർന്നാണ് അഖിലിനെ ബേസിൽ വെട്ടിയത്. പ്രണയബന്ധത്തോടുള്ള എതിർപ്പാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

വെട്ടേറ്റ അഖിലും മുഖ്യപ്രതിയായ ബേസിലും സ്കൂളിൽ ഒരുമിച്ച് പഠിച്ചവരും സുഹൃത്തുക്കളുമാണ്. ഇതിനിടെ അഖിലും ബേസിലിന്റെ സഹോദരിയും പ്രണയത്തിലായി. എന്നാൽ ഈ ബന്ധത്തെ ബേസിൽ ആദ്യംമുതലേ എതിർത്തിരുന്നു. അഖിലിനെ ആക്രമിക്കാൻ ബേസിൽ പോയവിവരം അറിഞ്ഞിട്ടില്ലായെന്നാണ് ബേസിലിന്റെ മാതാപിതാക്കൾ പറയുന്നത്. ബേസിലിനായുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്.

അഖിലിനെ ആക്രമിച്ച ദിവസം പിതാവിന്റെ ഷർട്ടിൽ നിന്നും പണമെടുത്തതിന് ശേഷമാണ് ബേസിൽ പുറത്ത് പോയത്. ബേസിൽ വീട്ടിൽ നിന്നിറങ്ങിയ വിവരം സഹോദരി അഖിലിനെ അറിയിച്ചിരുന്നു. തുടർന്ന് ഈ സമയം സുഹൃത്തിനൊപ്പം മുഖാവരണം വാങ്ങാനെത്തിയ അഖിലിനെ കടയിൽ നിന്നും വിളിച്ചിറക്കി ബേസിൽ ആക്രമിക്കുകയായിരുന്നു. വടിവാൾ ഉപയോഗിച്ച് വലതുകൈക്ക് വെട്ടുകയാണ് ഉണ്ടായത്. വലത് കൈക്കുഴയ്ക്ക് മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി. ചെറുവിരലിന്റെ ഒരു വശം ഏകദേശം അറ്റുപോയ നിലയിലാണ്. കഴുത്തിനുള്ള വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ അഖിൽ ധരിച്ചിരുന്ന ഹെൽമെറ്റിൽ വടിവാൾ തട്ടുകയും കൂടാതെ പുരികത്തിലും നെറ്റിയിലും മുറിവേൽക്കുകയും ചെയ്തു. സംഭവശേഷം ബേസിൽ ബൈക്കിൽ കടന്നുകളയുകയായിരുന്നു. ഇയാൾക്കെതിരെ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

അഖിൽ ഗുരുതരവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. അതേ സമയം കേസിലെ രണ്ടാം പ്രതിയായ 17 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വൃത്തങ്ങൾ പറയുന്നു. അഖിലിനെ ആക്രമിക്കാൻ ബേസിൽ വന്നത് ഈ 17 കാരനൊപ്പം ആണെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. കോതമംഗലം സ്വദേശിയെയാണ് പിടികൂടിയത്.

Reactions