തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായ് 1140 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1059 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 158 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 14 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
സംസ്ഥാനത്ത് 22,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,653 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,96,582 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,77,488 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറൈനിലും 19,094 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1466 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,137 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെൻറിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആൻറിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 16,97,042 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.സെൻറിനൽ സർവൈലൻസിൻറെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,78,270 സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്.
തിരുവനന്തപുരം 227, മലപ്പുറം 191, എറണാകുളം 161, കോഴിക്കോട് 155, തൃശൂർ 133, കണ്ണൂർ 77, കോട്ടയം 62, പാലക്കാട് 42, ആലപ്പുഴ 32, കൊല്ലം 25, കാസർഗോഡ് 15, പത്തനംതിട്ട 12, വയനാട് എട്ട് എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. കോവിഡ് ബാധിച്ച് നാലു മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. എറണാകുളം രാജഗിരി സ്വദേശി എൻ.വി. ഫ്രാൻസിസ് (76), കാസർഗോഡ് അരായി സ്വദേശി ജീവക്യൻ (64), കാസർഗോഡ് രാവണേശ്വരം സ്വദേശി കെ. രമേശൻ (45), തിരുവനന്തപുരം എല്ലുവിള സ്വദേശി സോമൻ (67) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 298 ആയി.
20 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ ആറ്, തൃശൂർ ജില്ലയിലെ അഞ്ച്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ രണ്ടു വീതവും, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ ഒന്പതു ഐഎൻഎച്ച്എസ് ജീവനക്കാർക്കും, കണ്ണൂർ ജില്ലയിലെ രണ്ടു ഡിഎസ്സി ജീവനക്കാർക്കും രോഗം ബാധിച്ചു.
