തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരിൽ 40 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ പുഴയിൽ എറിഞ്ഞ് കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. പിതാവ് തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനെ(24) പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കാർഡ്ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന് പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
ഉണ്ണികൃഷ്ണൻ പനവൂർ സ്വദേശിയായ യുവതിയുമായ് സ്നേഹത്തിലായിരുന്നു. എന്നാൽ ഇയാൾ പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറി. ഇതോടെ യുവതി പോലീസിൽ പരാതി നൽകുകയും, വിവാഹം കഴിക്കാമെന്ന് പോലീസിൻറെ മധ്യസ്ഥതയിൽ ഉണ്ണികൃഷ്ണൻ ഉറപ്പു നൽകുകയും ചെയ്തു. തുടർന്ന് പരാതി പിൻവലിച്ച യുവതി ഉണ്ണികൃഷ്ണനോടൊപ്പം താമസിച്ചു വരുകയായിരുന്നു. ഇവർ വിവാഹം കഴിച്ചിരുന്നില്ല.
കഴിഞ്ഞ മാസമാണ് ഇവർക്കു പെൺകുഞ്ഞ് പിറന്നത്. വ്യാഴാഴ്ച നൂലുകെട്ട് ചടങ്ങുകൾക്കു ശേഷം കുഞ്ഞിനെ തൻറെ അമ്മയെ കാണിക്കണമെന്ന് ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്നു യുവതി കുഞ്ഞിനെയുമായി ഓട്ടോയിലും ഉണ്ണിക്കൃഷ്ണൻ ബൈക്കിലും തിരുവല്ലത്തേക്കു തിരിച്ചു. വീടിനു സമീപമെത്തിയപ്പോൾ കുട്ടിയെ വാങ്ങി ഉണ്ണിക്കൃഷ്ണൻ പോവുകയായിരുന്നു. എന്നാൽ കുട്ടിയെ കാണാതായതോടെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പുലർച്ച 2.30ക്ക് കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്നും കണെത്തിയത്.
