കൊച്ചി : ഭീമ കൊറേഗാവ് കേസില്‍ ആക്ടിവിസ്റ്റും ജെസ്യൂട്ട് സഭ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണം എന്ന ആവശ്യം പ്രധാനമന്ത്രിക്കു മുന്നിൽ ഉന്നയിക്കാനൊരുങ്ങി കത്തോലിക്ക സഭാ മേലധ്യക്ഷൻമാർ. നാളെ രാവിലെ 11 മണിക്കാണ് ഇവർക്കു പ്രധാനമന്ത്രിയെ കാണാൻ അവസരം .ഇന്നു രാത്രി ഡൽഹിയിലെത്തുന്ന കർദിനാൾമാർ പരസ്പരം കൂടിക്കണ്ട് എന്തെല്ലാം കാര്യങ്ങളാണു പ്രധാനമന്ത്രിയെ ധരിപ്പിക്കേണ്ടത് എന്ന കാര്യത്തിൽ ആലോചനാ യോഗം ചേരും. ഇതിൽ മുൻഗണന നൽകേണ്ട കാര്യങ്ങളിൽ ഉൾപ്പെടെ കൂട്ടായ തീരുമാനം എടുത്തശേഷമായിരിക്കും നാളെ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുക.
മാർപ്പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കണമെന്ന് ആവശ്യപ്പെടാനും സഭാ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. മാർപാപ്പ ഇന്ത്യ സന്ദർശിക്കുന്നതു വിശ്വാസികൾക്കും രാജ്യത്തെ ജനങ്ങൾക്കും അതീവ താൽപര്യമുള്ള കാര്യമാണെന്നു പ്രധാനമന്ത്രിയെ ധരിപ്പിക്കുന്നതിനാണ് തീരുമാനം. 1986ലാണ് അവസാനമായി ഒരു മാർപ്പാപ്പ ഇന്ത്യ സന്ദർശിച്ചത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയായിരുന്നു അത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്തിട്ടുള്ള സ്റ്റാൻസ്വാമി ആരോഗ്യപരമായി ഏറെ ക്ഷീണിതനാണെന്നും പാർക്കിൻസൺസ് ഉൾപ്പടെയുള്ള രോഗങ്ങൾ അലട്ടുന്നുണ്ടെന്നുമുള്ള വിവരം പ്രധാനമന്ത്രിയെ ധരിപ്പിക്കും. ക്രിസ്ത്യൻ വിശ്വാസികൾക്കു നേരെ ഉണ്ടാകുന്ന ആക്രമണങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ സഭാ മേലധ്യക്ഷൻമാർ തീരുമാനിച്ചിട്ടുണ്ട് . മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള മുൻകൈയ്യെടുത്താണ് കൂടിക്കാഴ്ചയ്ക്ക് വഴി ഒരുക്കിയത്. നാളെ സഭാ നേതാക്കൾക്കൊപ്പം അദ്ദേഹവും പ്രധാനമന്ത്രിയെ കാണുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ക്വാറന്റീനിൽ ആയതിനാൽ ചർച്ചയിൽ പങ്കെടുക്കില്ല എന്നാണ് പുറത്ത് വരുന്ന വിവരം.
