കൊല്ലം: കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള കരാർ സംബന്ധിച്ച ചർച്ചയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ പങ്കെടുത്ത ചിത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഇഎംസിസി ഡയറക്ടർ, മന്ത്രി മേഴ്സിക്കുട്ടിയമ്മ, ഫിഷറീസ് ഡയറക്ടർ എന്നിവരെ ചിത്രത്തിൽ കാണാം. മന്ത്രി ക്ഷണിച്ചതനുസരിച്ചാണ് കേരളത്തിലെ ചർച്ചയെന്നതിനുമുള്ള രേഖ രമേശ് ചെന്നിത്തല പുറത്തുവിട്ടു.
ഒന്നും അറിഞ്ഞിട്ടില്ലെന്ന് മന്ത്രി പറയുന്നത് ആരെ കബളിപ്പിക്കാനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. എന്തിനാണ് ചേർത്തലയിൽ നാലേക്കർ ഭൂമി അനുവദിച്ചത്, മുഖ്യമന്ത്രി അറിയാതെയാണോ ഇത്ര വലിയ പദ്ധതി മുന്നോട്ടുപോകുമോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കേരള തീരത്തു ചട്ടങ്ങള്‍ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടവെന്നാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ആരോപിച്ചത്. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ന്യൂയോര്‍ക്കില്‍ പോയി ചര്‍ച്ച നടത്തിയെന്നും ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യം എന്ന കമ്പനിയെ കേരളത്തിലേക്കു ക്ഷണിച്ചെന്നുമാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. എന്നാല്‍ വിവാദം അനാവശ്യമാണ്. പദ്ധതിരേഖ മാത്രമാണു സമര്‍പ്പിച്ചതെന്നുമാണ് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചത്. ഇതു സര്‍ക്കാര്‍ അംഗീകരിച്ചിട്ടുമില്ല. അമേരിക്കന്‍ വിദേശനിക്ഷേപത്തോടെയാണു പദ്ധതി. സര്‍ക്കാരിന്റെ ഒരു രൂപ പോലുമില്ല. ഒട്ടേറെപ്പേര്‍ക്കു തൊഴില്‍ ലഭിക്കുന്ന നല്ല പദ്ധതിയാണിതെന്നുമാണു മന്ത്രി പറഞ്ഞത്.


