കൊച്ചി : കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് നിയമസാധുതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം പരിശോധിച്ച ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന്‍റെ മറവില്‍ തെറ്റായ കാര്യങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ജുഡീഷ്യല്‍ അന്വേഷണം. അന്വേഷണം നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ബിജെപിയേക്കാള്‍ ശക്തമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണ്. അസ്വസ്ഥനാകാതെ അന്വേഷണത്തെ പിന്തുണയ്ക്കുകയാണ് ചെന്നിത്തല ചെയ്യേണ്ടത്.
ആഴക്കല്‍ മത്സ്യബന്ധന വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള ചെന്നിത്തലയുടെ വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിച്ചില്ല. വിവാദത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം പര്യാപ്തമാണെന്നായിരുന്നു നിലപാട്. സോളര്‍ പീഡനക്കേസില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐയ്ക്ക് വിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

