തനിക്ക് ധർമ്മടത്ത് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മയ്ക്കു തന്നെയായിരുന്നുവെന്ന് നടൻ ജോയ് മാത്യു. വാളയാർ കുട്ടികളുടെ അമ്മയെ ധർമടത്തു സ്ഥാനാർഥിയായി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുവെന്ന വാർത്തയിൽ പ്രതികരിക്കുകയായിരുന്നു താരം. ധർമടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
'ധർമ്മാധർമ്മങ്ങളുടെ ധർമ്മടം' എന്ന തലക്കെട്ടിലാണ് ജോയ് മാത്യുവിന്റെ കുറിപ്പ് ആരംഭിക്കുന്നത്. '
നിയമസഭാതെരഞ്ഞെടുപ്പിൽ ധർമടം ശ്രദ്ധയാകർഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കാണ് . അത് കൊണ്ടാണ് ധർമടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുന്നത് .ശിരോമുണ്ഡനങ്ങൾ പലതുണ്ട്. അധികാരക്കൊതിമൂത്ത് എങ്ങിനെയെങ്കിലും സ്ഥാനാർത്ഥിയാകാൻ ചിലർ തലതന്നെ വെട്ടി കാഴ്ചവക്കും.
എന്നാൽ മറ്റുചിലർ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും .അവിടെയാണ് ശിരോമുണ്ഡനങ്ങൾ മൂല്യവത്താകുന്നത്.
വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയായി മാറുന്നതും അതുകൊണ്ടാണ്. ഈ പോരാട്ടം ഏറ്റെടുക്കുമ്പോൾ യു ഡി എഫിന്റെ മൂല്യബോധവും ധാർമികമായ ഉത്തരവാദിത്വവും ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന പ്രതീകാത്മകമായ നിലപാടാണു വ്യക്തമാകുന്നത്.
വാളയാറിലെ അമ്മയെ യുഡിഎഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. വിജയിക്കാൻ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങൾ, അവ പൊരുതുവാൻ ഉള്ളത്കൂടിയാണ്. ധർമടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് തന്നെ; സംശയമില്ല .

