Hot Posts

6/recent/ticker-posts

എങ്ങനെ ഞാൻ അവളെ മരണത്തിന് വിട്ടുകൊടുക്കുക? ദയവായി ചികിൽസ നൽകൂ; നൊമ്പര കാഴ്ച്ച - BMTV




ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ആശുപത്രികള്‍ എല്ലാം തന്നെ നിറഞ്ഞു കവിഞ്ഞതോടെ പല ആശുപത്രികൾക്കു മുന്നിലും കാണുന്നത് കരളലിയിക്കുന്ന കാഴ്ച്ചകളാണ്. അത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോൾ പുറത്തുവരുന്നത്. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന ഡല്‍ഹിയില്‍ നിന്ന് പുറത്തുവരുന്ന പല കാഴ്ചകളും ഹൃദയഭേദകമാണ്. ലോക് നായക് ജയ് പ്രകാശ് ആശുപത്രിക്ക് മുന്നില്‍ ആംബുലന്‍സിലും സ്വകാര്യവാഹനങ്ങളിലുമായി അടിയന്തര ചികിത്സ ആവശ്യമായ നിരവധി രോഗികളാണ് പ്രവേശനം കാത്തുകിടക്കുന്നത്. എവിടെയെങ്കിലും പ്രവേശനം ലഭിച്ചേക്കുമെന്ന പ്രതീക്ഷയില്‍ പലരും ആശുപത്രികളായ ആശുപത്രികളിലെല്ലാം കയറി ഇറങ്ങുന്നു. 

അസ്‍ലം ഖാൻ ഭാര്യ റൂബി ഖാനു(30)മായി നിരവധി ആശുപത്രികളാണ് കയറി ഇറങ്ങിയത്. വാഹനങ്ങൾ ഒന്നും ലഭ്യമല്ലാത്തതിനാൽ ബൈക്കിലാണ് ഭാര്യയുമായി ആശുപത്രി തോറും യാത്ര ചെയ്യുന്നത്. ഒരിടത്തും പ്രവേശനം കിട്ടാതെ വന്നതോടെ  പ്രധാന കോവിഡ് ചികിത്സാ കേന്ദ്രമായ ലോക് നായക് ജയ് പ്രകാശ് ആശുപ്രതി പരിസരത്തു നിന്ന് നിലവിളിക്കുകയാണ് അസ്‍ലം ഖാൻ .

‘എന്റെ ഭാര്യ മരിച്ചുപോകും. ദയവായി അവള്‍ക്ക് ചികിൽസ നൽകൂ, ഞാൻ കാല് പിടിക്കാം. ഒരിടത്തും കിടക്കയില്ലെന്നാണ് പറയുന്നത്. തറയിൽ കിടത്തിയെങ്കിലും ചികിൽസിക്കാൻ അനുവദിക്കണം. എങ്ങനെയാണ് ഞാൻ അവളെ മരണത്തിന് വിട്ടുകൊടുക്കുക?’ലോക് നായക് ജയ് പ്രകാശ് ആശുപ്രതി പരിസരത്തു നിന്ന്  അസ്‍ലം ഖാൻ ചോദിക്കുന്നു. .
Reactions