Hot Posts

6/recent/ticker-posts

കടുവയിലെ വിവാദപരാമർശം ; പഴയ ഖേദപ്രകടനങ്ങൾ വീണ്ടും ചർച്ച


കോട്ടയം/പാലാ: സിനിമയിലെ അവഹേളനപരമായ സംഭാഷണത്തിൻ്റെ പേരിലുള്ള ഖേദപ്രകടനം ആദ്യ സംഭവമല്ല. കടുവ എന്ന സിനിമയിൽ ഭിന്നശേഷിക്കാരായവരെ അവഹേളിച്ചതിൻ്റെ പേരിൽ നടൻ പൃഥ്വിരാജും സംവീധായകൻ ഷാജി കൈലാസും ഖേദം പ്രകടിപ്പിച്ചതോടെയാണ് പഴയ മറ്റൊരു ഖേദപ്രകടനത്തിൻ്റെ വിവരം വീണ്ടും ചർച്ചയാകുന്നത്.



മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്ക്കു വേണ്ടി നിർമ്മിച്ച ട്വൻ്റി 20 എന്ന ചിത്രത്തിൽ ഗാന്ധിജിയെയും സ്വാതന്ത്ര്യ സമരത്തെയും അധിക്ഷേപിച്ച സംഭവത്തിൽ ഖേദപ്രകടനം നടത്തി അധിക്ഷേപഭാഗം പിൻവലിച്ച സംഭവമാണ് ചർച്ചയാകുന്നത്. 



നിർമ്മാതാവും നടനുമായ ദിലീപാണ് ഖേദ പ്രകടനം നടത്തിയത്. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉയർത്തിയ പരാതിയെത്തുടർന്നായിരുന്നു അവഹേളന ഭാഗം പിൻവലിക്കലും ഖേദപ്രകടനം നടത്തുകയും ചെയ്തത്. 


ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചത് ഗാന്ധിജി ഉപ്പു തിന്നും വെള്ളം കുടിച്ചും തെണ്ടി നടന്നുമാണെന്ന പരാമർശമാണ് സിനിമയിൽ ദിലീപ് നടത്തിയത്. ചിത്രത്തിലെ പരാമർശം ശ്രദ്ധയിൽപ്പെട്ട ഉടൻ എബി ജെ ജോസ് സെൻസർ ബോർഡിനു പരാതി നൽകിയതോടെ  അധിക്ഷേപ പരാമർശം നീക്കം ചെയ്തു. എന്നാൽ നിർമ്മാതാവും നടനുമായ ദിലീപ് അപ്പോൾ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകാതെ ഒഴിഞ്ഞുമാറി. പിന്നീട് സിനിമയുടെ സിഡികൾ പുറത്തുവന്നപ്പോൾ അധിക്ഷേപ ഭാഗം ഉൾപ്പെടുത്തിയതു ശ്രദ്ധയിൽപ്പെട്ടതോടെ മഹാത്മാഗാന്ധി നാഷണൽ ഫൗണേഷൻ പ്രതിഷേധമുയർത്തി. 

ഇതോടെ ദിലീപും സി ഡി നിർമ്മാതാക്കളായ മോസെർബെയർ കമ്പനിയും പരസ്യമായി ഖേദം പ്രകടിപ്പിച്ചു. സിനിമയിൽ നിന്നും വെട്ടിമാറ്റിയ ഭാഗം സാങ്കേതിക പിഴവുമൂലം സംഭവിച്ചതാണെന്നും അതൊഴിവാക്കിയെന്നും ചൂണ്ടിക്കാട്ടി ദിലീപും മോസർബെയർ കമ്പനിയും എബി ജെ ജോസിനെ അറിയിച്ചു. പിന്നീട് തിരക്കഥ പുസ്തകമായി പുറത്തിറക്കിയപ്പോഴും അധിഷേപ പരാമർശം ഉൾപ്പെടുത്തിയതിനെ ഫൗണ്ടേഷൻ ചോദ്യം ചെയ്തു. തുടർന്നു തിരക്കഥാകൃത്ത് സിബി കെ തോമസും പ്രസാധകരായ ഒലീവ് പബ്ളിക്കേഷനും ഖേദം പ്രകടിപ്പിച്ചു പുസ്തകം പിൻവലിക്കുകയായിരുന്നു.


എന്നാൽ ഗുരുതരമായ ആരോപണം ഉയർന്നുവെങ്കിലും കുറ്റകരമായ മൗനമാണ് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ അന്ന് പാലിച്ചതെന്ന് എബി ജെ ജോസ് കുറ്റപ്പെടുത്തി. തങ്ങൾക്കുവേണ്ടി നിർമ്മിച്ച ചിത്രത്തിൽ രാജ്യത്തെ അവഹേളിച്ച പരാമർശം ഉൾപ്പെട്ടിട്ടും സംഘടന മൗനം പാലിച്ചത് തെറ്റായ സന്ദേശമാണ് നൽകിയത്.

ഭിന്നശേഷിക്കാരെ അധിക്ഷേപിച്ച സംഭവത്തിൽ സിനിമാക്കാർക്കൊപ്പം സെൻസർ ബോർഡിനെതിരെയും നടപടിയെടുക്കണമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ആവശ്യപ്പെട്ടു. അധിഷേപ പരാമർശം നീക്കം ചെയ്യേണ്ട ഉത്തരവാദിത്വം സെൻസർ ബോർഡിനുണ്ടായിരുന്നു. അത് അവർ നിർവ്വഹിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ഭിന്നശേഷി കമ്മീഷണർക്കു ഫൗണ്ടേഷൻ പരാതി നൽകിയിട്ടുണ്ട്. ചിത്രത്തിൽ നിന്നും അധിക്ഷേപ പരാമർശം ഒഴിവാക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.
Reactions