കോട്ടയം മെഡിക്കൽ കോളജിൽ 35 കോടി രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്നു മന്ത്രി വീണാ ജോർജ് നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിക്കും.
1. ഇന്റഗ്രേറ്റഡ് അനലൈസർ– റോഷ് കൊബാസ് പ്യുവർ
5 മില്ലി രക്തം കൊണ്ട് 230 രോഗ പരിശോധനകൾ നടത്താൻ കഴിയുന്ന അത്യാധുനിക സംവിധാനമാണ് ഇന്റഗ്രേറ്റഡ് അനലൈസർ– റോഷ് കൊബാസ് പ്യുവർ. ക്ലിനിക്കൽ ബയോകെമിസ്ട്രി ലാബിലാണു സ്ഥാപിച്ചിരിക്കുന്നത്.
2. എക്കോ മെഷീൻ
എക്കോ മെഷീൻ
കാർഡിയോളജി വിഭാഗത്തിൽ 4ഡി എക്കോ മെഷീൻ, പോർട്ടബ്ൾ എക്കോ എന്നിവ സജ്ജമാക്കി. ഹൃദയ സംബന്ധമായ നേരിയ പ്രശ്നങ്ങൾ പോലും കണ്ടെത്താനാകും.
3. മോഡുലർ ഓപ്പറേഷൻ തിയറ്റർ
2.3 കോടി രൂപ മുടക്കിൽ 5 തിയറ്ററുകൾ സജ്ജമാക്കി. 3 എണ്ണം അത്യാഹിത വിഭാഗത്തിലും 2 എണ്ണം ട്രോമാ വിഭാഗത്തിലുമാണ്. കാർഡിയോ തൊറാസിക്, ഗൈനക്കോളജി, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലാണു നിലവിൽ മോഡുലർ ഓപ്പറേഷൻ തിയറ്ററുള്ളത്.
4. സ്ട്രോക്ക് യൂണിറ്റ്
പക്ഷാഘാതം വന്ന രോഗികൾക്കു നിശ്ചിത സമയത്തു കൃത്യമായ ചികിത്സ നൽകാൻ പ്രത്യേക പരിശീലനം ലഭിച്ച നഴ്സുമാർ, സിടി സ്കാൻ, എംആർഐ സ്കാൻ, വെന്റിലേറ്റർ ഐസിയു സംവിധാനം, തലച്ചോറിൽ നിന്നു രക്തക്കട്ട നീക്കാൻ സഹായിക്കുന്ന കാത്ത് ലാബ്, നഴ്സിങ് വിഭാഗം എന്നിവയെല്ലാം ചേർന്നതാണു യൂണിറ്റ്. ന്യൂറോ മെഡിസിൻ മേധാവിയുടെ നേതൃത്വത്തിലാണു പ്രവർത്തനം.
5. പാലിയേറ്റീവ് കെയർ, റിഹാബിലിറ്റേഷൻ യൂണിറ്റുകൾ
തലച്ചോർ സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ രോഗങ്ങൾ, കാൻസർ മുതലായവ ബാധിച്ചവർക്കു മെച്ചപ്പെട്ട പരിചരണം നൽകാൻ ആരംഭിച്ച പദ്ധതി. 4 ഡോക്ടർമാരും 6 ജീവനക്കാരുമാണുള്ളത്. ഡോക്ടർമാർ, നഴ്സുമാർ, ഫിസിയോ തെറപ്പിസ്റ്റ്, സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ് എന്നിവരടങ്ങുന്ന ടീം പഞ്ചായത്ത് തലത്തിലും ജില്ലാ തലത്തിലും പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റുമായി ചേർന്നു പ്രവർത്തിക്കും.
6. മാലിന്യ സംസ്കരണ സംവിധാനം
നവീകരിച്ച മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി കെട്ടിടം
മാലിന്യങ്ങൾ ശേഖരിക്കുകയും വേർതിരിച്ചു സംസ്കരിക്കുകയും ചെയ്യുന്നതിനു മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി, എയ്റോബിക് കംപോസ്റ്റിങ് യൂണിറ്റ്, ബയോഗ്യാസ് പ്ലാൻ എന്നിവ തയാറാക്കി. 59.27 ലക്ഷം രൂപ മുടക്കി നിർമിതി കേന്ദ്രം ആണ് മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി യൂണിറ്റ് നിർമിച്ചത്. 10.15 ലക്ഷം മുടക്കി ആർപ്പൂക്കര പഞ്ചായത്ത് നിർമിച്ചു നൽകിയതാണ് എയ്റോബിക് കംപോസ്റ്റിങ് യൂണിറ്റ്. ബയോഗ്യാസ് പ്ലാന്റിനു 2.82 ലക്ഷം രൂപയാണു മുടക്ക്.
7. മൂന്നു ലിഫ്റ്റുകൾ
3 ലിഫ്റ്റുകളാണു സജ്ജമാക്കിയത്. ബ്ലഡ് ബാങ്ക്, പ്രിൻസിപ്പൽ ഓഫിസ്, നഴ്സിങ് കോളജ് എന്നിവിടങ്ങളിലേക്കാണു ലിഫ്റ്റ്.
8. കുട്ടികളുടെ ആശുപത്രിക്ക് ഐസിയു യൂണിറ്റ്
കോട്ടയം മെഡിക്കൽ കോളജിൽ 35 കോടി
എമർജൻസി കോവിഡ് റെസ്പോൺസ് പ്ലാൻ–2 പദ്ധതിയിൽപെടുത്തി 2.41 കോടി രൂപയിൽ ഐസിയു ഒരുക്കി. 15 വെന്റിലേറ്റർ, 15 ഓക്സിജൻ ബെഡ്, 4 ഹൈ ഡിപന്റഡ് യൂണിറ്റ്, 2 തീവ്രപരിചരണ വിഭാഗം എന്നിവയുണ്ട്.
9. ഐസിയു കാഷ്വൽറ്റി മൂന്നാം നില
ലിവർ ട്രാൻസ്പ്ലാന്റ് യൂണിറ്റ്.
ലിവർ ട്രാൻസ്പ്ലാന്റ് രോഗികൾക്കും കാൻസർ സർജറി രോഗികൾക്കും കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിന് ഐസിയു യൂണിറ്റ്. 25 വെന്റിലേറ്റർ, ഒരു എക്കോ മെഷീൻ എന്നിവ ഒരുക്കിയിട്ടുണ്ട്.
10. നഴ്സിങ് ഓഫിസ്
60 ലക്ഷം രൂപ മുടക്കി നഴ്സിങ് ഓഫിസ് നവീകരിച്ചു.
11. ഒപി ഫാർമസി
നവീകരിച്ച ഒപി ഫാർമസി
16.27 ലക്ഷം രൂപ മുടക്കിയാണ് ഒപി ഫാർമസി നവീകരിച്ചത്. ഇ–ഹെൽത്ത് കംപ്യൂട്ടർ സംവിധാനത്തിലൂടെയാകും പ്രവർത്തനം.
12. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കെഎഎസ്പി)യുടെ കൗണ്ടറും അനുബന്ധ സംവിധാനങ്ങളും നവീകരിച്ചു. 20.55 ലക്ഷം രൂപയാണു ചെലവ്.
13.ലാപ്രോസ്കോപ്പിക് യൂണിറ്റ്
ജനറൽ സർജറി യൂണിറ്റിന്റെ ഭാഗമായി ലാപ്രോസ്കോപ്പിക് യൂണിറ്റ് സജ്ജം. 20 ലക്ഷം രൂപ മുടക്കി ആശുപത്രി വികസന സമിതിയാണു നിർമിച്ചത്. ലക്ഷങ്ങൾ ചെലവു വരുന്ന ശസ്ത്രക്രിയകൾ പുതിയ യൂണിറ്റിൽ സൗജന്യമായി നടത്താൻ സാധിക്കും.
14. ഫാർമസി കോളജ്
ഉദ്ഘാടനത്തിനായി ഒരുങ്ങുന്ന കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ഫാർമസി കോളജ് കെട്ടിടം. ചിത്രങ്ങൾ : മനോരമ
27.2 കോടി രൂപ മുടക്കിയാണു നിർമാണം. 7 നിലകളിലായി 6224 ചതുരശ്രമീറ്റർ ചുറ്റളവിൽ വിശാലമായ സംവിധാനങ്ങളോടെയാണു കെട്ടിട നിർമാണം. നിലവിലുള്ള ഫാർമസി കോളജ് ഇങ്ങോട്ടു മാറ്റാനാകും.






