2017 ൽ എത്തിയതിലും 20% അധികം തീർഥാടകർ ഇത്തവണ മണ്ഡല–മകരവിളക്ക് തീർഥാടനത്തിന് എരുമേലിയിൽ എത്തുമെന്നാണ് ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും പ്രതീക്ഷ. എന്നാൽ അന്നത്തെ അടിസ്ഥാന സൗകര്യങ്ങൾ 30% എരുമേലിയിൽ കുറഞ്ഞു എന്നാണ് നാട്ടുകാർ പറയുന്നത്.
ശുചിമുറി, കുളിക്കാനുള്ള സൗകര്യങ്ങൾ, വിരി വയ്ക്കാനുള്ള സൗകര്യങ്ങൾ, ഭക്ഷണം തയാറാക്കാനുളള സൗകര്യങ്ങൾ തുടങ്ങിയ സൗകര്യങ്ങളാണ് കുറഞ്ഞത്.
ശുചിമുറികൾ 77 എണ്ണം കുറഞ്ഞു. എരുമേലി ധർമ ശാസ്താ ക്ഷേത്രത്തോടു ചേർന്നുള്ള ദേവസ്വം ബോർഡിന്റെ വിരിപ്പന്തൽ കോംപ്ലക്സിൽ 70 ശുചിമുറി സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്. 3 ഹാളുകളിലായി 300 ൽ അധികം തീർഥാടകർക്ക് വിരിവയ്ക്കാനുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു.
ഈ കെട്ടിടം പൊളിച്ചു പണിയാൻ തുടങ്ങിയതോടെ 70 ശുചിമുറി സൗകര്യം ഇല്ലാതായി. ഇതിനു പകരമായി 2 ബയോ ശുചിമുറികളാണ് സജ്ജമാക്കുന്നത്. ഭക്ഷണം പാചകം ചെയ്ത് കഴിക്കാനും തീർഥാടകർക്ക് ഇവിടെ സൗകര്യം ഉണ്ടായിരുന്നു.
ഈ സൗകര്യവും ഇല്ലാതായി. വിരി വയ്ക്കാനായി സ്റ്റേഡിയം മൈതാനത്തെ ഷോപ്പ് ബിൽഡിങ് സജ്ജമാക്കുന്നതിനായി ജോലികൾ പുരോഗമിക്കുന്നുണ്ട്. ധർമ ശാസ്താ ക്ഷേത്രത്തിനു മുന്നിലെ ഒരു മൈതാനം കെട്ടിയടച്ച് നിർമാണ സാമാഗ്രി ഗോഡൗൺ ആക്കി മാറ്റിയിരിക്കുകയാണ്. തീർഥാടകർ ഉപയോഗിച്ചിരുന്ന ഒരു മൈതാനവും ഇതോടെ കുറഞ്ഞു. ക്ഷേത്ര മുറ്റത്തെ ഷവർ ബാത് സൗകര്യങ്ങളും കുറഞ്ഞു.
ഡിഐജി സൗകര്യങ്ങൾ വിലയിരുത്തി
റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത എരുമേലിയിലെയും തീർഥാടന പ്രദേശങ്ങളിലെയും സൗകര്യങ്ങൾ വിലയിരുത്തി. കൂടുതൽ സിസി ടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് ഡിഐജി നിർദേശം നൽകി. ഓരുങ്കൽക്കടവ് ഉൾപ്പെടെയുള്ള കുളിക്കടവുകൾ, പാർക്കിങ് മൈതാനങ്ങൾ, തീർഥാടകർ കൂടുതൽ എത്തുന്ന സ്ഥലങ്ങളിൽ എന്നിവിടങ്ങളിൽ ക്യാമറ സ്ഥാപിക്കാൻ ദേവസ്വം ബോർഡിനോട് പൊലീസ് ആവശ്യപ്പെട്ടു.
നിലവിൽ 36 ക്യാമറകൾ സ്ഥാപിക്കുന്നതിനു പുറമേയാണ് 14 ക്യാമറകൾ കൂടി സ്ഥാപിക്കേണ്ടത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ എന്നിവരും ഡിഐജിക്ക് ഒപ്പം ഉണ്ടായിരുന്നു. എരുമേലി ധർമശാസ്താ ക്ഷേത്രം, ചെറിയമ്പലം, നൈനാർ മസ്ജിദ്, തീർഥാടകർ ഉപയോഗിക്കുന്ന കുളിക്കടവുകൾ, പാർക്കിങ് മൈതാനങ്ങൾ, കാളകെട്ടി എന്നിവിടങ്ങളും ഡിഐജി സന്ദർശിച്ചു.
പഞ്ചായത്ത് നിർദേശങ്ങൾ
പഞ്ചായത്ത് വിളിച്ച വ്യാപാരി പ്രതിനിധികളുടെയും ആരാധനാലയ പ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും സ്ഥാപന പ്രതിനിധികളുടെയും യോഗത്തിലെ നിർദേശങ്ങൾ:
∙ എല്ലാ കടകളും 20 ലീറ്റർ ശേഷിയുള്ള പച്ച, ചുവപ്പ് 2 ബിന്നുകൾ സ്ഥാപിച്ച് മാലിന്യങ്ങൾ തരം തിരിച്ച് ഇടണം.
∙ അന്നദാനം നടത്തുന്നവർ പഞ്ചായത്തിൽ റജിസ്റ്റർ ചെയ്യണം. ഹരിത ചട്ടം പാലിച്ച് മാത്രമേ അന്നദാനം നടത്താൻ പാടുള്ളൂ. ഡിസ്പോസബിൾ പ്ലേറ്റുകൾ, ഗ്ലാസുകൾ ഒഴിവാക്കണം, സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കണം, മാലിന്യം സംസ്കരിക്കണം.
∙ കരിക്ക് വിൽക്കുന്നവർ തൊണ്ട് തിരികെ എടുത്ത് യഥാവിധി സംസ്കരിക്കണം.
∙ കുളിമുറി, മാലിന്യ കുഴലുകൾ ജലാശയങ്ങളിലും നീർച്ചാലുകളിലും തുറന്നുവിടരുത്.
∙ എല്ലാ വ്യാപാര സ്ഥാപനങ്ങളും പഞ്ചായത്ത് ലൈസൻസ് എടുക്കണം.
∙ ഭക്ഷണ പാനീയങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ , ജീവനക്കാർ, ഹെൽത്ത് കാർഡ് കൈവശം സൂക്ഷിക്കണം
∙ മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും.






