Hot Posts

6/recent/ticker-posts

അരിവാങ്ങാൻ പണമില്ലാതെ സാധാരണക്കാർ; നാട്ടിലുള്ള നെല്ല് നാശത്തിന്റെ വക്കിലും


കോട്ടയം തിരുവാർപ്പ് തട്ടാർകാട് പാടശേഖരത്തിൽ അഞ്ചേക്കറോളം നെൽകൃഷി വിളവെടുപ്പ് നടത്താതെ നശിക്കുന്നു. കുമരകം-തിരുവാർപ്പ് പഞ്ചായത്തുകളുടെ അതിർത്തിയാണ് പാടശേഖരം.


120 ദിവസങ്ങളിൽ വിളവെടുപ്പ് നടത്താൻ കഴിയുന്ന ‘ഉമ’ നെല്ലാണ് വിതച്ചത്‌. എന്നാൽ, 155 ദിവസങ്ങൾ പിന്നിട്ട നെൽച്ചെടികൾ പലസ്ഥലത്തും വീണ് കിളിർത്തുനിൽക്കുകയാണ്‌.


പാടശേഖരസമിതിയുടെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണമെന്ന് കർഷകർ പറയുന്നു. അഞ്ച് കർഷകരുടെ പാടമാണ് കൊയ്യാതെ നശിക്കുന്നത്.


കൊയ്‌ത്തുയന്ത്രം പാടത്ത് താഴ്ന്നതിനാൽ അഞ്ച് ദിവസം മുമ്പ് തിരുവാർപ്പിന്റെ കൊയ്ത്തുയന്ത്രം കരയ്ക്കുകയറ്റിയെന്നും ബദൽ സംവിധാനമായി കുമരകത്ത്‌ പാറേക്കാട് കൊയ്യുന്ന യന്ത്രം ഉപയോഗിച്ച് ഈ പാടം കൊയ്യുമെന്ന് തിരുവാർപ്പ് പാടശേഖര സമിതി ഉറപ്പു നൽകിയതായും കർഷകർ പറഞ്ഞു.


എന്നാൽ, കുമരകം പ്രദേശത്തെ കൊയ്‌ത്തിനെ തുടർന്ന് യന്ത്രങ്ങൾ ഇവിടെനിന്ന് കൊണ്ടുപോയി. തിരുവാർപ്പ് കൃഷി ഓഫീസർ ചൊവ്വാഴ്‌ച രാവിലെ നടത്തിയ ചർച്ചയിൽ കുമരകം ഭാഗത്തെ കൊയ്‌ത്തുയന്ത്രം ഉപയോഗിച്ച് വിളവെടുപ്പ് നടത്താമെന്ന്‌ ഉറപ്പ്‌ നൽകിയിരുന്നു. ഉച്ചയോടെ യന്ത്രങ്ങൾ ഇവിടെനിന്ന്‌ കൊണ്ടുപോയി.

ഇതോടെ കടംവാങ്ങിയും സ്വർണം പണയപ്പെടുത്തിയും വിളയിച്ചെടുത്ത നെല്ല് എങ്ങനെ കൊയ്‌തെടുക്കുമെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് കർഷകർ. അരി വിലക്കയറ്റവും തൻമൂലമൂലമുള്ള പ്രതിസന്ധികളും കാരണം സാധാരണക്കാർ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് നാട്ടിലെ നെൽകർഷകർ ഇത്തരത്തിലുള്ള പ്രതിസന്ധികൾ നേരിടുന്നത് എന്നത് ചിന്തിക്കേണ്ട വിഷയമാണ്. 

Reactions