കോട്ടയം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരന്റെ പഴ്സ് മോഷ്ടിക്കാൻ ശ്രമിച്ച ചങ്ങനാശേരി ഇത്തിത്താനം കരിങ്കണ്ടത്തിൽ അനീഷിനെ (49) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കൾ രാത്രിയാണു സംഭവം. ആലപ്പുഴ സ്വദേശി ബാലകൃഷ്ണ പിള്ളയുടെ പഴ്സാണു മോഷ്ടിക്കാൻ ശ്രമിച്ചത്. പോക്കറ്റിൽ നിന്നു പഴ്സ് എടുക്കുന്നതു ശ്രദ്ധയിൽപെട്ട ബാലകൃഷ്ണപിള്ള ബഹളം വച്ചു.
വിവരം അറിഞ്ഞെത്തിയ എസ്എച്ച്ഒ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് അനീഷിനെ പിടികൂടി. കോട്ടയം വെസ്റ്റ്, ചങ്ങനാശേരി, ചിങ്ങവനം, തിരുവല്ല എന്നീ സ്റ്റേഷനുകളിൽ അടിപിടി, മോഷണം തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.






