തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ വിഷയങ്ങളിൽ ജനങ്ങൾക്കു നിർദേശങ്ങളും അഭിപ്രായങ്ങളും സർക്കാരിനെ അറിയിക്കാനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം www.kcf.kite.kerala.gov.in മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു.
പാഠ്യപദ്ധതി സംബന്ധിച്ചു സ്കൂൾ തലത്തിൽ വിദ്യാർഥികളുടെ ചർച്ച 17നു നടക്കും. ഒരു പീരിയഡ് ചർച്ചയ്ക്കായി മാറ്റിവയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. വിദ്യാർഥികളുടെ നിർദേശങ്ങൾ ക്രോഡീകരിച്ചു രേഖയായി പ്രസിദ്ധീകരിക്കും.
വിദേശത്തുള്ളവർക്കും വെബ്സൈറ്റിൽ അഭിപ്രായങ്ങൾ അറിയിക്കാം. പാഠ്യപദ്ധതി പരിഷ്കരണത്തിനു മുന്നോടിയായുളള ചട്ടക്കൂട് രൂപീകരണ ചർച്ചയ്ക്കായി 26 ഫോക്കസ് പോയിന്റുകൾ ഉൾപ്പെടുത്തിയുള്ള കുറിപ്പ് വിദ്യാഭ്യാസ വകുപ്പ് തയാറാക്കി. ഇതും അനുബന്ധ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിൽ താൽപര്യമുള്ള മേഖലകളിലെല്ലാം നിർദേശങ്ങൾ സമർപ്പിക്കാം.
വെബ്സൈറ്റിൽ മൊബൈൽ ഫോൺ നമ്പറോ ഇ-മെയിൽ ഐഡിയോ നൽകുമ്പോൾ ലഭിക്കുന്ന പാസ്‌വേഡ് ഉപയോഗിച്ചു റജിസ്ട്രേഷൻ പൂർത്തിയാക്കിയാണ് അഭിപ്രായം രേഖപ്പെടുത്തേണ്ടത്. എഴുതിത്തയാറാക്കിയ നിർദേശങ്ങൾ ഇമേജ്, പിഡിഎഫ് ഫോർമാറ്റുകളിൽ അപ്‍ലോഡ് ചെയ്യാനുമാകും.
പ്ലാറ്റ്ഫോം ഉപയോഗിക്കേണ്ടതു സംബന്ധിച്ച യൂസർ ഗൈഡും പോർട്ടലിലുണ്ട്. ബ്ലോക്ക്, ജില്ലാ തലങ്ങളിൽ നടത്തുന്ന ജനകീയ ചർച്ചകളിൽ ഉരുത്തിരിയുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തുന്നതിനുള്ള പ്രത്യേക ലോഗിനും വെബ്സൈറ്റിലുണ്ട്. എസ്‌സിഇആർടിക്കു വേണ്ടി കൈറ്റ് ആണ് വെബ്സൈറ്റ് ഒരുക്കിയത്.






