ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ് വ്യാപനം തുടരുകയും യു.എസില്‍ പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ തയാറായിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍.
യുഎസ്, ജപ്പാൻ, കൊറിയ, ബ്രസീല്‍, ചൈന എന്നിവിടങ്ങളില്‍ പൊടുന്നനെ കോവിഡ് കേസുകളില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പോസിറ്റീവ് കേസുകളുടെ ജീനോം സ്വീക്വന്‍സിങ് വര്‍ധിപ്പിക്കാന്‍ ആരോഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതി.
ഇവ ഇന്‍ഡ്യന്‍ സാര്‍സ്‌കോവ് 2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം (INSACOG) വഴി നിരീക്ഷിക്കണം. അതുവഴി രാജ്യത്തു പുതിയ വകഭേദങ്ങള്‍ വരുന്നുണ്ടോയെന്ന് അറിയാനാകും. ആവശ്യമെങ്കില്‍ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കാന്‍ ഇവ ഉതകും എന്നുമാണ് ആരോഗ്യ മന്ത്രാലയ സെക്രടറി രാജേഷ് ഭൂഷന്‍ കത്തില്‍ പറയുന്നത്.
ഇന്‍സാകോഗ് എന്നത് ഇന്‍ഡ്യയിലെ 50ല്‍ അധികം ലബോറടറികളുടെ ഒരു ശൃംഖലയാണ്. കോവിഡ് കേസുകളില്‍ ജനിതക വ്യതിയാനം നിരീക്ഷിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പുതിയ വൈറസ് വകഭേദത്തിന്റെ സവിശേഷതകള്‍ തിരിച്ചറിയാന്‍ ജീനോം സീക്വന്‍സിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു.
എല്ലാ പോസിറ്റീവ് കേസുകളുടെയും സാംപിളുകള്‍ ഇന്‍സാകോഗിലേക്ക് അയയ്ക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.
ആഗോള തലത്തില്‍ ആഴ്ചയില്‍ 35 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ചൊവ്വാഴ്ച രാവിലെ ഇന്‍ഡ്യയില്‍ 112 കോവിഡ് കേസുകളാണ് റിപോര്‍ട് ചെയ്തത്. ആക്ടീവ് കേസുകളുടെ എണ്ണം 3,490 ആണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കില്‍ പറയുന്നു.






