ചങ്ങനാശ്ശേരി: മന്നം ജയന്തി പൊതുസമ്മേളനം ഉദ്ഘാടനവേദിയില്‍ ഒളിയമ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ഒരു നായര്‍ക്ക് മറ്റൊരു നായരെ അംഗീകരിക്കാന്‍ പറ്റില്ലെന്ന് മന്നം പറഞ്ഞിട്ടുണ്ടെന്ന് മന്നം ജയന്തി പൊതുസമ്മേളനം ഉദ്ഘാടനവേദിയില്‍ ശശി തരൂർ പറഞ്ഞു.
അദ്ദേഹം എണ്‍പതോ നൂറോ വര്‍ഷം മുമ്പാണ് അത് പറഞ്ഞത്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇപ്പോഴും താന്‍ മനസിലാക്കുന്ന കാര്യമാണ് അതെന്ന് തരൂര്‍ പറഞ്ഞു.
എന്‍.എസ്.എസ് പൊതുപരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട ഏക രാഷ്ട്രീയ നേതാവാണ് ശശി തരൂര്‍. അദ്ദേഹത്തിന്റെ പരാമര്‍ശം കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി സതീശനും അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയുള്ള ഒളിയമ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചടങ്ങില്‍ സംസാരിക്കവെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തരൂരിനെ പുകഴ്ത്തുകയും ചെയ്തു. തരൂരിനെ ഡല്‍ഹി നായരെന്ന് വിളിച്ചയാളാണ് താന്‍. അത് തിരുത്താന്‍ വേണ്ടിയാണ് തരൂരിനെ ചടങ്ങിലേക്ക് ക്ഷിച്ചത്- അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ കേരളപുത്രനും വിശ്വപൗരനുമാണ്. ഈ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ തരൂരിനോളം അര്‍ഹനായ മറ്റൊരാളില്ലെന്നും ജി. സുകുമാരന്‍ നായര്‍ പ്രശംസിച്ചു.
അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തോടെയാണ് മന്നം ജയന്തി ആഘോഷങ്ങള്‍ ആരംഭിച്ചത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.






