ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിടിച്ച് കൊല്ലപ്പെട്ട യുവതിയെ ഒന്നരമണിക്കൂറോളം കാറില്‍ റോഡിലൂടെ വലിച്ചിഴച്ചതായി ദൃക്‌സാക്ഷി. പുതുവത്സരദിനത്തില്‍ ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ കൊല്ലപ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരിയെയാണ് കാറില്‍ മണിക്കൂറുകളോളം വലിച്ചിഴച്ചത്.
കാറിനടിയില്‍ യുവതി കുരുങ്ങിയിട്ടും കാറിലുണ്ടായിരുന്നവര്‍ വാഹനം നിര്‍ത്തിയില്ലെന്നും മൃതദേഹവുമായി പലതവണ റോഡിലൂടെ മുന്നോട്ടുപോവുകയും തിരികെവരികയും ചെയ്തതായും ദൃക്‌സാക്ഷിയായ ദീപക് ദഹിയ മാധ്യമങ്ങളോട് പറഞ്ഞു.
അപകടമുണ്ടായ സ്ഥലത്തിന് സമീപം വ്യാപാരസ്ഥാപനം നടത്തുന്നയാളാണ് ദീപക്. ഞായറാഴ്ച പുലര്‍ച്ചെ 3.20-ഓടെയാണ് അപകടം നടന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. പുലര്‍ച്ചെ 3.20-ന് കടയുടെ പുറത്തുനില്‍ക്കുന്ന സമയത്താണ് നൂറുമീറ്റര്‍ അകലെനിന്ന് ഒരു വലിയ ശബ്ദം കേട്ടത്.
കാറിന്റെ ടയര്‍ പൊട്ടിയതാകുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇതിനുപിന്നാലെ കാര്‍ യാത്ര തുടര്‍ന്നു. ഇതിനിടെയാണ് കാറിനടിയില്‍ മൃതദേഹം കുരുങ്ങികിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു- ദീപക്
ഏകദേശം 3.30-ഓടെ നേരേ പോയ കാര്‍ യു-ടേണ്‍ എടുത്ത് തിരികെവന്നു. ആ സമയത്തും കാറിനടിയില്‍ മൃതദേഹം കുരുങ്ങികിടക്കുകയായിരുന്നു. എന്നാല്‍ കാറിലുണ്ടായിരുന്നവര്‍ വാഹനവുമായി മുന്നോട്ട് പോയി യു-ടേണ്‍ എടുത്ത് തിരികെവരുന്നത് ആവര്‍ത്തിക്കുകയായിരുന്നു.
ഇതോടെ ദീപക് ബൈക്കുമായി കാറിനെ പിന്തുടരാനും വാഹനം തടയാനും ശ്രമിച്ചു. എന്നാല്‍ യുവാക്കള്‍ കാര്‍ നിര്‍ത്താന്‍ തയ്യാറായില്ല. ഏകദേശം ഒന്നരമണിക്കൂറോളം കാറിനടിയില്‍ കുരുങ്ങിയ മൃതദേഹവുമായി യുവാക്കള്‍ യാത്രചെയ്‌തെന്നും ഇത് ഒരു സാധാരണ അപകടമാണെന്ന് കരുതുന്നില്ലെന്നും ദീപക് ആരോപിച്ചു.
20-കാരി കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ വാഹനത്തിലുണ്ടായിരുന്ന അഞ്ച് യുവാക്കളെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ദീപക് ഖന്ന(26) അമിത് ഖന്ന(25) കൃഷാന്‍(27) മിഥുന്‍ (26) മനോജ് മിത്തല്‍ എന്നിവരാണ് അറസ്റ്റിലായവര്‍. സ്‌കൂട്ടറില്‍ കാറിടിച്ചെന്നും എന്നാല്‍ യുവതി കാറിനടിയില്‍ കുരുങ്ങിയത് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നുമാണ് യുവാക്കള്‍ പോലീസിന് നല്‍കിയ മൊഴി. നഗ്നമായ നിലയിലാണ് അപകടത്തില്‍പ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുസംബന്ധിച്ച് പല സംശയങ്ങളും ഉയര്‍ന്നിരുന്നു. യുവതി പീഡനത്തിനിരയായെന്നും ആരോപണമുയര്‍ന്നു. എന്നാല്‍ യുവതി പീഡനത്തിനിരയായിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.






