പാലാ: നഗരഹൃദയ ഭാഗം ഉൾപ്പെടുന്ന പ്രദേശത്തെ എല്ലാ റോഡുകളും നഗരസഭയുടെ പരിപാലന ചുമതലയിലുള്ള മററു ബൈറോഡുകളും വാർഡിലേക്കായി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പൂർത്തികരിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി മുൻ നഗരസഭാദ്ധ്യക്ഷയും ടൗൺ വാർഡ് കൗൺസിലറുമായ ബിജി ജോജോ കുടക്കച്ചിറ അറിയിച്ചു. പഴയ മാർക്കറ്റ് റോഡിൻ്റെ റീ ടാറിംഗ് പൂർത്തികരിച്ചു കഴിഞ്ഞു.
ടൗണിലെ ഏറ്റവും തിരക്കേറിയ റിവർവ്യൂ റോഡും മെയിൻ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ടൗൺ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ആനിത്തോട്ടം റോഡിൽ നിരന്തരമായ ഉണ്ടാകുന്ന തകരാറുകൾ ശാശ്വതമായി പരിഹരിക്കുന്നതിനായി 6 ലക്ഷം രൂപ മുടക്കി പേ വിംഗ് ടൈലുകൾ പാകുന്നതിനുള്ള ടെൻഡർ കരാറുകാരൻ ഏറ്റെടുത്തു കഴിഞ്ഞതായും രണ്ടാഴ്ചയ്ക്കകം പൂർത്തികരിക്കുമെന്നും ബിജി ജോജോ അറിയിച്ചു.
ഇതു വഴി വലിയ ഭാരവാഹനങ്ങൾ നിയന്ത്രിക്കുന്നതിനയി ക്രോസ്ബാർ ക്യാരിയറും ഇതോടൊപ്പം സ്ഥാപിക്കും. നഗരസഭയുടെ 2022-23 വർഷത്തെ അടിയന്തര ഫണ്ടിൽ ഉൾപ്പെടുത്തി ടി.ബി റോഡ് റീ ടാർ ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റിന് കൗൺസിലിന് സമർപ്പിച്ചു കഴിഞ്ഞതായും ബിജി ജോജോ പറഞ്ഞു.
ടി.ബി റോഡിൻ്റെ സമീപന പാതകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും മഴക്കാലത്ത് റോഡിലേക്ക് വെള്ളം ഒഴുകി എത്തുന്നതിനാലാണ് വർഷം തോറും ഈ ഭാഗം തകരാറിലാകുന്നത്. അടിയന്തിര ഫണ്ട് വിഹിതം ലഭ്യമാകുന്ന പക്ഷം ജനറൽ ആശുപത്രി റോഡ് രണ്ട് ഘട്ടമായി അറ്റകുറ്റപണി ചെയ്യും.
ഇതിൻ്റെ ഭാഗമായി ഹോമിയോ അശ്രുപതി ഭാഗം പേവിംഗ് ടൈലുകൾ പാകി റോഡ് തകർച്ചയും വെള്ളകെട്ടും ഒഴിവാക്കുമെന്നും മെയിൻ റോഡിൽ നിന്ന് ആശുപത്രിയുടെ ക്യാഷ്യാലിറ്റി വരെയുള്ള ഭാഗം മികച്ച നിലവാരത്തിൽ വീതി കൂട്ടി ടാർ ചെയ്യുന്നതിലേയ്ക്കായി 8 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതിക്കായി സമർപ്പിച്ചു കഴിഞ്ഞതായും അംഗീകാരം ലഭിച്ചാൽ ടെൻഡർ നടപടികൾ പൂർത്തിയാക്കുമെന്നും ബിജി ജോജോ പറഞ്ഞു.
ആൽഫോൻസാ കണ്ണാശുപത്രി റോഡിൻ്റെ റീ ടാറിംഗും ഇതിനോടകം പൂർത്തികരിച്ചിട്ടുണ്ട്. ടൗണിലെ പ്രധാന പി.ഡബ്ല്യു.ഡി റോഡായ റിവർവ്യൂറോഡ് മഴ കാലമായതിനാലും നഗരസഭയുടെ പ്ലാറ്റിനം വാർഷികവും ജൂബിലി തിരുനാളും പ്രമാണിച്ച് താൽക്കാലികമായി മെയിൻറൻസ് നടത്തിയിരുന്നെങ്കിലും മഴക്കാലം കഴിഞ്ഞ ഉടൻ മികച്ച നിലവാരത്തിൽ ടാറിംഗ് പുർത്തിയാക്കി നഗരത്തിലെ വൺവേ ഗതാഗതം സുഗമമാക്കിയ പൊതുമരാമത്ത് വകുപ്പിനെ ടൗൺ വാർഡ് കൗൺസിലർ എന്ന നിലയിൽ അഭിനന്ദിക്കുന്നതായും ബിജി ജോജോ പറഞ്ഞു.









