ഉഴവൂർ: വില്ലേജ് ഓഫീസിൻ്റെ മൂക്കിന്റെ മുന്നിൽ ഉഴവൂർ കവലയിൽ രാത്രിയിൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് നെൽവയൽ നികത്തിയെന്ന് പരാതി ഉയരുന്നു. ഉഴവൂർ ടൗണിലെ മാലിന്യങ്ങൾ തള്ളിയിരുന്നത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തരിശായി കിടന്നിരുന്ന നെൽവയലിൽ ആയിരുന്നു.
കഴിഞ്ഞ ദിവസം വേനൽക്കാല രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി നെൽവയലിൽ നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഉഴവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നെൽവയൽ ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടിസിൻ്റെ പേര് പറഞ്ഞാണ് രാത്രിയിൽ നെൽവയൽ നികത്തിയത്.
കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ഉഴവൂർ വില്ലേജ് ഓഫീസിന്റെ പരിധിയിൽ അനധികൃത മണ്ണെടുപ്പും, മണ്ണ്കടത്തും വ്യാപകമായതിനാൽ കേരള കർഷക സംഘം ഉഴവൂർ മേഖല കമ്മിറ്റി റവന്യൂ മന്ത്രി, കോട്ടയം ജില്ലാ കളക്ടർ, പാലാ ആർഡിഒ, ലാൻഡ് റവന്യൂ കമ്മിഷണർ എന്നിവർക്ക് പരാതികൾ നൽകിയിരുന്നു.






