പ്രീമിയം സ്വീകരിച്ചശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ ഫ്യൂച്ചര്‍ ജനറലി ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
ഏലിയാമ്മയുടെ ഭര്‍ത്താവ് കുര്യന്‍ 2015 ഡിസംബറില്‍ ചോക്കാട് കല്ലാമൂലയില്‍വെച്ചുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
വാഹനമോടിച്ചത് ചെറുമകനായിരുന്നു. വാഹന ഉടമയ്ക്ക് പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുണ്ടെങ്കിലും ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ കമ്പനി തയ്യാറായില്ല. വാഹന ഉടമയ്ക്ക് ലൈസന്‍സില്ലെന്ന കാരണത്താല്‍ കമ്പനി തുക നിഷേധിച്ചു.
തുടര്‍ന്നാണ് ഭാര്യ ഏലിയാമ്മ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. വാഹന ഉടമയുടെയും കുടുംബത്തിന്റെയും പരിരക്ഷയാണ് ഓണര്‍ കം ഡ്രൈവര്‍ പോളിസിയുടെ ഉദ്ദേശ്യമെന്നിരിക്കെ പ്രീമിയം സ്വീകരിച്ചശേഷം ഇന്‍ഷുറന്‍സ് നിഷേധിക്കുന്നത് അനുചിതമായ നടപടിയാണെന്നും പരാതിക്കാരിക്ക് തുക നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു.