മൂന്നിലവ് പഞ്ചായത്തിലെ മൂന്നിലവ് ടൗണിൽ കഴിഞ്ഞ രണ്ടു വർഷക്കാലം തുടർച്ചയായി ഉണ്ടായ പ്രളയത്തിൽ വ്യാപാരസ്ഥാപനങ്ങൾക്കും പഞ്ചായത്ത് ഓഫീസിലും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. അന്ന് പ്രധാനമായും പ്രളയത്തിന് കാരണമായത് വാകക്കാട് ചെക്ക് ഡാമിൽ അടിഞ്ഞുകൂടിയ മണലും മണ്ണും ആണ്.
ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് വാകക്കാട് പാലം മുതൽ കടവുപുഴ പാലം വരെയുള്ള ഭാഗത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും മണലും ചെളിയും പൂർണമായി നീക്കം ചെയ്യുകയാണ് അഭികാമ്യമെന്ന് ഇതിനെക്കുറിച്ച് പഠനം നടത്തിയ മേജർ ഇറിഗേഷൻഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
മന്ത്രി റോഷി അഗസ്റ്റിന്റെയും ജോസ് കെ മാണി എംപിയുടെയും നിർദ്ദേശപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം വാകക്കാട് പാലത്തിന്റെ മുകൾഭാഗം മുതൽ കടവ്പുഴ പാലം വരെ അടിഞ്ഞുകൂടിയിരിക്കുന്ന 4350 എം ക്യൂബ് മണ്ണും മണലും നീക്കം ചെയ്യുന്നതിന് ഇ- ലേലം നടത്തി നടപടികൾ പൂർത്തിയാക്കി കോൺട്രാക്ടറുമായി കരാറിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
ഇവിടെ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് കോൺട്രാക്ടറുടെ പൂഞ്ഞാറുള്ള ഡംപിങ്ങ് യാഡിൽ ആണ് നിക്ഷേപിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ മൂന്നിലവിലെ വെള്ളപ്പൊക്കത്തിനും തന്മൂലം വ്യാപാരികൾ അനുഭവിച്ചു വന്നിരുന്ന ദുരിതങ്ങൾക്കും ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിന് വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും ജോസ് കെ മാണി എംപിയും പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫസർ ലോപ്പസ് മാത്യു, മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എൽ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ, വൈസ് പ്രസിഡണ്ട് മായ അലക്സ്, പഞ്ചായത്ത് മെമ്പർമാരായ അജിത്ത് ജോർജ്, റീന റിനോൾഡ്, ലിൻസി ജെയിംസ്, ജോളി ടോമി എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും വ്യാപാരി വ്യവസായി പ്രതിനിധികളും നിരവധി നാട്ടുകാരും പരിപാടികളിൽ പങ്കെടുത്തു.






