പാലാ: കാർഷിക രംഗത്ത് ഫലപ്രദമായ ഇടപെടലുകൾക്ക് നേതൃത്വം കൊടുക്കുവാൻ പാലാ രൂപത ആവിഷ്കരിച്ചിരിക്കുന്ന കർഷക ശക്‌തീകരണ പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പിതൃവേദി, കർഷക ദളം എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ അരുവിത്തുറയിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന "അഗ്രിഫെസ്റ്റി"ന് തുടക്കമായി.
ഹൈബ്രീഡ് പച്ചക്കറി തൈകളും സ്വദേശ, വിദേശ ഫലവൃക്ഷത്തൈകളും വൈവിധ്യമാർന്ന നാടൻ ഫലവൃക്ഷങ്ങളും കൂടാതെ കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിപണനവും നടക്കുന്ന "അഗ്രിഫെസ്റ്റി" ൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ വിവിധ ഉൽപ്പന്നങ്ങളും അഗ്രിമ സെൻട്രൽ നഴ്സറിയുടെ സ്റ്റാളുകളും അഗ്രി ഫെസ്റ്റിൽ ഉണ്ട്.
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അരുവിത്തുറ സെൻറ് ജോർജ് പള്ളി വികാരി ഫാ.അഗസ്റ്റിൻ പാലക്കപറമ്പിൽ "അരുവിത്തുറ അഗ്രി ഫെസ്റ്റി"ന്റെ ഔപചാരികമായ ഉദ്ഘാടനം പ്രദർശന നാട മുറിച്ച് കൊണ്ട് നിർവഹിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അധ്യക്ഷത വഹിച്ചു.
കർഷക ദളം, പിതൃവേദി ഡയറക്ടർ ഫാ.ജോസഫ് മൂക്കൻതോട്ടത്തിൽ, അസിസ്റ്റൻറ് കൃഷി ഡയറക്ടർ അശ്വതി വിജയൻ, കൃഷി ഓഫീസർ രമ്യ ആർ തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, മുൻസിപ്പൽ കൗൺസിലർ ലീന ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഴ്സി മാത്യു, ഗ്രാമപഞ്ചായത്ത് മെമ്പർ ആനന്ദ് ജോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജോർജ് വടക്കേൽ, ആൻഡ്രൂസ് മാത്യു, ജയിംസ് ജോർജ്, ജോജോ പ്ലാത്തോട്ടം, സിബി കണിയാംപടി, വിമൽ ജോണി, സാജു വടക്കൻ, ശാന്തമ്മ ജോസഫ്, അനു റജി, ജസ്റ്റിൻ ജോസഫ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.






