മഞ്ഞപ്ര: രൂക്ഷമായ ഗതാഗത കുരുക്കും, സിഗ്നൽ സംവിധാനവും, ദിശ സൂചന ബോർഡുകൾ എന്നിവ സ്ഥാപിക്കുന്നതിനെ കുറിച്ച് മനസിലാക്കാൻ പൊതുമരാമത്ത് അധികൃതർ മഞ്ഞപ്ര പഞ്ചായത്തിലെ ചന്ദ്രപ്പുര, പുല്ലത്താൻ ജംഗ്ഷനുകളിലെ അപകട മേഖല സന്ദർശിച്ചു.
മഞ്ഞപ്ര മണ്ഡലം ഇന്ദിര ഗാന്ധി കൾച്ചറൽ ഫോറം ഈ അപകട മേഖലകളിൽ സിഗ്നൽ, അപായ സൂചന ബോർഡുകൾ എന്നിവ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്തി അധികൃതർക്ക് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പി.ഡബ്ല്യൂ.ഡി റോഡ്സ് വിഭാഗം ഈ അപകട മേഖലകളിൽ സന്ദർശിച്ച് യഥാർത്ഥ വസ്തുതകൾ മനസിലാക്കാൻ എത്തിചേർന്നത്.
പുല്ലത്താൻ കവല, ചന്ദ്രപ്പുര എന്നീ സ്ഥലങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളുടെ സാഹചര്യത്തിലാണ് ഇന്ദിര ഗാന്ധി കൾച്ചറൽ ഫോറം
ഈ ആവശ്യവുമായി മുന്നോട്ട് വന്നത്. നാല് ഭാഗത്തു നിന്നും റോഡുകൾ സംഗമിക്കുന്ന ഭാഗമാണ് ഈ ജംഗ്ഷനുകൾ. നിരവധി അപകടങ്ങളാണ് അടുത്തിടെ ഇവിടെ ഉണ്ടായിട്ടുള്ളത്. വാഹനങ്ങൾ വളരെ വേഗത്തിലാണ് ഇതു വഴിവരുന്നത്. എന്നാൽ അപകട സൂചന മുന്നറിയിപ്പ് നൽകാൻ യാതൊരു സംവിധാനവും ഇവിടെയില്ല.
കാലടി പട്ടണത്തിൽ പതിവായുള്ള വാഹന കുരുക്കിൽ നിന്നു രക്ഷനേടുന്നതിനും പാലക്കാട്, തൃശൂർ എന്നിവടങ്ങളിൽ നിന്നു കോട്ടയം, കോതമംഗലം, മൂവാറ്റുപുഴ എന്നീ പ്രദേശങ്ങളിലേക്ക് എളുപ്പമാർഗം മലയാറ്റൂർ പാലം വഴി സഞ്ചരിക്കുന്നതിന് ചന്ദ്രപ്പുര ടൗൺ വഴിയാണ് അധിക വാഹനങ്ങളും ഇപ്പോൾ കടന്ന് പോകുന്നത്.
സമീപ പ്രദേശങ്ങളിൽ ധാരാളമുള്ള മെറ്റൽ, ക്രഷർ, പാറമട, ഇഷ്ടികക്കളം എന്നിവിടങ്ങളിൽ നിന്നുള്ള ലോറികൾ പതിവായി സഞ്ചരിക്കുന്നതും ഇതിലെയാണ്. എന്നാൽ ഈ രണ്ട് ജംഗ്ഷനുകൾ നാലുംകൂടിയ ജംഗ്ഷൻ ആണെന്നു തിരിച്ചറിയാൻ യാതൊരു നിർവാഹമില്ല. കൂടാതെ പ്രധാന റോഡും പോക്കറ്റ് റോഡും ഏതാണെന്നു തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. ഇതു സംബന്ധിച്ച് വാഹന യാത്രക്കാർ തമ്മിൽ പലപ്പോഴും തർക്കം ഉണ്ടാകാറുണ്ട്.
പോക്കറ്റ് റോഡിൽ നിന്നു വരുന്നവർ വേഗം കുറച്ചില്ല എന്നായിരിക്കും മറ്റു 3 റോഡുകളിൽ നിന്നു വരുന്നവരുടെ പരാതി. നേരത്തെ മഞ്ഞപ്ര- കാലടി റോഡിലൂടെയായിരുന്നു സഞ്ചാരം കൂടുതൽ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ മലയാറ്റൂർ- അങ്കമാലി റോഡിലേക്കുള്ള വാഹന തിരക്ക് ഇരട്ടിയായി.
ഈ രണ്ട് കവലകളിൽ എത്രയും വേഗം നാല് റോഡുകൾ വന്നുചേരുന്നത് വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിക്കണം. അപകട സൂചന ലൈറ്റുകളും, ബോർഡുകളും, റിപ്ലക്ടറുകളും വേണം. മലയാറ്റൂർ അന്തർദേശീയ തീർത്ഥാടന കാലത്തും മറ്റുമുളള ശക്തമായ തിരക്കേറിയ സമയങ്ങളിൽ ഇവിടെ ട്രാഫിക് വാർഡൻമാരുടെ സേവനം ജംഗ്ഷനിൽ ലഭ്യമാകണം.
ആംബുലൻസ് ഉൾപ്പെടെ വേഗത്തിൽ കടന്നുപോകേണ്ട വാഹനങ്ങൾ ഏറെ നേരം ഇവിടെ ഗതാഗത കുരുക്കിൽ പല കുറിപെട്ട് പോകുന്നതും കാണാം. ചന്ദ്രപുര, പുല്ലത്താൻ കവല, മൃഗാശുപത്രി ജംഗ്ഷനുകൾ ആളുകൾക്ക് ഭീതിയില്ലാതെ റോഡ് മുറിച്ച് കടക്കാൻ അവസരം ഒരുക്കണം. ഇവിടെ അപകടങ്ങൾ തുടർക്കഥ ആവുകയാണ്.
പഞ്ചായത്ത് കാര്യാലയം, കൃഷി ഭവൻ, വില്ലേജ് ഓഫീസ്, ഹോമിയോ ആശുപത്രി, കെ.എസ്.ഇ.ബി, പുല്ലത്താൻ കവലയിലെ മൃഗാശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, പനമ്പ് നെയ്ത്ത് കേന്ദ്രം, മാർസ്ലീവ ഫൊറേന പള്ളി, ഗവ.ഹൈസ്കൂൾ, സെൻറ് മേരീസ് സ്കൂൾ എന്നിവ സ്ഥിതി ചെയ്യുന്നത് ഈ രണ്ട് ജംഗ്ഷനുകളിലെ സമീപത്താണ്. റോഡ് മുറിച്ച് കടക്കാൻ വിദ്യാർത്ഥികൾ വരെ ഏറെ ബുദ്ധിമുട്ടുന്നത് പതിവ് കാഴ്ചയാണ്.
ഇവിടെ സിഗ്നൽ ലൈറ്റും, സ്ഥല നാമ ദിശ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചാൽ അപകടങ്ങളും ഗതാഗത കുരുക്കും ഒഴിവാക്കാൻ സാധിക്കും. ഗതാഗത കുരുക്കിൽ ബസുകൾക്ക് സമയനിഷ്ഠ പാലിക്കാനാകുന്നില്ല. ഇതുമൂലം ജോലിക്കു പോകുന്നവരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന യാത്രക്കാർ ഏറെ പ്രയാസപ്പെടുന്നുണ്ട്.
ഗതാഗത കുരുക്കിൽ പെടുന്നതിനാൽ തോട്ടം തൊഴിലാളികളും ഏറെ ദുരിതത്തിലാണ്. കച്ചവട സ്ഥാപനങ്ങളിലേക്ക് വിവിധ വസ്തുക്കൾ വാങ്ങാൻ വരുന്നവർക്ക് അവരുടെ വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിലൂടെയാണ് പോകുന്നത്. ഇത് മൂലം വ്യാപാരികളും വളരെ ധർമസങ്കടത്തിലാണ്.
പൊതുമരാമത്ത്, പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം അസിസ്റ്റൻറ് എഞ്ചീനീയർ സൈബി സേവ്യർ, ഓവർസീയർ കെ.കെ അജിതകുമാരി എന്നിവരുടെ നേതൃത്വത്തിൽ സന്ദർശന വേളയിൽ പഞ്ചായത്ത് മുൻ പ്രസിഡൻറ് ദേവസി മാടൻ, പൊതുപ്രവർത്തകരായ ജോസൺ വി ആൻറണി, കെ.സോമശേഖരൻപിള്ള, ലാലു പുളിക്കത്തറ, ഡേവീസ് ചൂരമന, ഷൈബി പാപ്പച്ചൻ, സെബാസ്റ്റ്യൻ മാടൻ, ആൽബിൻ ആൻറണി, സോമൻ വാഴ്വേലിൽ എന്നിവർ പൊതുമരാമത്ത് അസിറ്റൻറ് എഞ്ചിനിയറോടെപ്പം ഉണ്ടായിരുന്നു.






