പാലാ: മനുഷ്യരാശിയുടെ നിലനിൽപ്പുമായി നേരിട്ട് ബന്ധപ്പെട്ട ഏറ്റവും മഹത്തായ സത്യങ്ങളിൽ ഒന്നാണ് ആർത്തവം. എന്നിരുന്നാലും ഇന്നും സമൂഹത്തിൽ ആർത്തവത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ പലരും മടിക്കുന്നു. ഈ മൗനം അവസാനിപ്പിക്കാനും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ആർത്തവ ശുചിത്വ ബോധവൽക്കരണത്തിനുമായി ലോകമെമ്പാടും മെയ് 28 'World Menstrual Hygiene Day' ആയി ആചരിക്കപ്പെടുന്നു.
ഈ മഹത്തായ ദിനത്തിന്റെ ഭാഗമായി അഗ്നി വേദ, വിസിബ്, സന്ധ്യ ഡെവലപ്മെന്റ് സൊസൈറ്റി, CARE N SAFE എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ഒരു ബോധവൽക്കരണ പരിപാടി മെയ് 28 ന് (വ്യാഴം) പാലാ ടൗൺഹാളിൽ രാവിലെ 10.30 ന് നടത്തുന്നു. ഈ പരിപാടിയിൽ, പ്രമുഖ ആരോഗ്യ ബോധവൽക്കരണ പ്രവർത്തകയായ ഡോ. വീണ മുഖ്യപ്രഭാഷണം നടത്തും. CARE N SAFE ന്റെ CEO ശങ്കർ അയ്യർ, സംസ്ഥാന കോർഡിനേറ്റർ റോണി ഗിൽബെർട് എന്നിവർ സംസാരിക്കും.
ഇന്നത്തെ കാലത്ത് 9-10 വയസ്സുള്ള കുഞ്ഞുങ്ങൾക്കുപോലും ആർത്തവം ആരംഭിക്കുന്നു. പലപ്പോഴും എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാകാതെ ഭയപ്പെടുകയും മാനസികമായി തളരുകയും ചെയ്യുന്നു. അമ്മയുടെ ഒരു വാക്ക്... ഒരു കുടുംബത്തിന്റെ പിന്തുണ.... ഒരു സമൂഹത്തിന്റെ ബോധവൽക്കരണം... ഒരു കുഞ്ഞിന്റെ ആത്മവിശ്വാസമായി മാറുന്നു. ഈ യാഥാർത്ഥ്യം സമൂഹത്തെ ഓർമ്മിപ്പിക്കാനാണ് ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
പരിപാടിയിൽ, ആർത്തവ സമയത്ത് പാലിക്കേണ്ട ശുചിത്വ രീതികൾ, പാഡ് ഉപയോഗിക്കുന്നതിന്റെ രീതികൾ, സമയബന്ധിതമായി മാറ്റേണ്ടതിന്റെ ആവശ്യകത, ഹീമോഗ്ലോബിൻ കുറവ് തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ, ശരിയായ ഭക്ഷണക്രമം, ക്ഷീണം കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ജ്യൂസുകൾ എന്നിവയെക്കുറിച്ചും വിശദമായ ബോധവൽക്കരണം നൽകും.
"ഈ പരിപാടി ഒരു ചടങ്ങ് മാത്രമല്ല... ഇത് ഒരു സാമുഹിക ഉത്തരവാദിത്തമാണ്... ഒരു ബോധവൽക്കരണ പ്രസ്ഥാനമാണ്... ഒരു തലമുറയെ സംരക്ഷിക്കാനുള്ള ശ്രമമാണ്"- സംഘാടകർ പറഞ്ഞു.
എല്ലാ വർഷവും മെയ് 28 ആണ് ലോക ആർത്തവ ശുചിത്വ ദിനമായി ആചരിക്കുന്നത്. ശരാശരി 28 ദിവസം കൂടുമ്പോ ഴാണ് ആർത്തവചക്രം (Menstrual Cycle) ഉണ്ടാകുന്നത് എന്നതിനാലും സാധാരണയായി 5 ദിവസമാണ് ആർത്തവം നീണ്ടു നിൽക്കുന്നത് എന്നതിനാലുമാണ് 5-ാം മാസത്തിലെ 28-ാം തീയതി (മെയ് 28) ഈ ദിനാചരണത്തിനായി തിരഞ്ഞെടുത്തത്. സാമൂഹിക അകറ്റി നിർത്തലുകൾ അവസാനിപ്പിക്കാൻ, ഇന്നും സമൂഹത്തിൽ നിലനിൽക്കുന്ന ആർത്തവുമായി ബന്ധപ്പെട്ട അനാചാരങ്ങളും മാറ്റിനിർത്തലുകളും അവസാനിപ്പിക്കാൻ ഇത് സഹായിക്കുന്നു.
ഈ ദിനത്തിൽ താഴെപറയുന്ന വിഷയങ്ങൾ സദസ്സിൽ ചർച്ച ചെയ്യുന്നു:
ആർത്തവം ഒരു സ്വാഭാവിക ശാരീരിക പ്രക്രിയ: ആർത്തവം അശുദ്ധിയല്ല, മറിച്ച് ഭൂമിയിൽ ജീവൻ്റെ നിലനിൽപ്പിന് കാര ണമാകുന്ന തികച്ചും സ്വാഭാവികവും, ആരോഗ്യപരവുമായ ഒരു പ്രക്രിയ എന്ന ശാസ്ത്രീയ ബോധം വളർത്തുക.
ആർത്തവ ദാരിദ്ര്യം - പണമില്ലാത്തതുകൊണ്ടോ, അറിവില്ലായ്‌മ കൊണ്ടോ സുരക്ഷിതമായ സാനിറ്ററി ഉല്‌പന്നങ്ങൾ (Sanitary Pads, Menstrual Cup) വാങ്ങാൻ കഴിയാത്ത അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുകയും, അതിനുള്ള പരിഹാര ങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.
പുരുഷന്മാരുടെ പങ്കാളിത്തം - ആർത്തവത്തെക്കുറിച്ച് പുരുഷന്മാർക്കും, ആൺകുട്ടികൾക്കും കൃത്യമായ അറിവ് നൽകുക. വീട്ടിലും, ജോലി സ്ഥലത്തും സ്ത്രീകൾക്ക് മാനസികവും ശാരീരികവുമായ പിന്തുണ നൽകാൻ അവരെ പ്രാപ്തത രാക്കുക.
ആർത്തവ വിരാമം (Menopause) - പ്രായമായ സ്ത്രീകളിൽ ആർത്തവം നിൽക്കുന്ന സമയത്തുണ്ടാകുന്ന ശാരീരിക വും, മാനസികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ചും, അവർക്ക് നൽകേണ്ട പരിചരണത്തെക്കുറിച്ചും ചർച്ച ചെയ്യുന്നു.
ആർത്തവം ലജ്ജിക്കേണ്ട ഒന്നല്ല, മറിച്ച് അഭിമാനത്തോടെയും, ആരോഗ്യത്തോടെയും നേരിടേണ്ട ഒന്നാണ്... ഈ സന്ദേശം സമൂഹത്തിൽ എത്തിക്കാൻ ഈ ദിനാചരണം നമുക്ക് പരമാവധി പ്രയോജനപ്പെടുത്താം എന്ന് പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ശങ്കർ അയ്യർ, സുമ സുനിൽ, സതി സുരേഷ്, ശോഭന അജിത്, കെ സി തങ്കച്ചൻ, വീണ ടി തങ്കച്ചൻ, ഷിജു ടി കെ, റോണി ഗിൽബെർട്ട് എന്നിവർ പറഞ്ഞു.

