തിരുവനന്തപുരം: കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണു നേരിടുന്നതെന്നു വ്യക്തമാക്കുന്നതാണ് യുഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം. 5.07 ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ ആകെ കടബാധ്യത. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍ പലിശ നല്‍കല്‍ തുടങ്ങിയ നിര്‍ബന്ധിത ചെലവിനാണ് ഉപയോഗിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സംസ്ഥാനത്തുള്ളതെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.
ഡിഎ കുടിശിക, കരാറുകാര്‍ക്കു നല്‍കാനുള്ളത് എന്നിവ ഉള്‍പ്പെടെ 48,733 കോടിയുടെ കുടിശിക ബാധ്യതകളാണ് പുതിയ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കിഫ്ബിക്കു മാത്രം 21,000 കോടിയുടെ വായ്പാ ബാധ്യതയാണുള്ളത്. 35000 കോടിയുടെ പദ്ധതികള്‍ക്കും പണം കണ്ടെത്തണം. കെഎസ്ആര്‍ടിസി, ജല അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുന്നത്. ബെവ്‌കോ വരുമാനമുണ്ടാക്കുമ്പോള്‍ സപ്ലൈകോ നഷ്ടത്തിലാണ്. ഈ രണ്ടു കോര്‍പറേഷനുകളും ഒരുമിച്ചാക്കി മദ്യവിതരണത്തിനും അവശ്യവസ്തു വിതരണത്തിനും രണ്ടു വിഭാഗങ്ങള്‍ ആക്കുന്നതാണ് നല്ലതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.
പ്രാധാന്യമില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ‘കടമെടുപ്പ് വികസനത്തിന്, വളര്‍ച്ച തിരിച്ചടവിനും’ - എന്ന അടിസ്ഥാന തത്വം കേരളം ലംഘിക്കുന്നുവെന്നു ധവളപത്രം ചൂണ്ടിക്കാട്ടുന്നു.
ആറായിരം കോടിയോളം രൂപ ട്രഷറിയില്‍ മിച്ചം വച്ചിട്ടാണു ഭരണത്തില്‍നിന്ന് ഇറങ്ങിയതെന്ന മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെയും വാദങ്ങള്‍ പൊളിക്കുന്നതാണ് ധവളപത്രത്തിലെ കണക്കുകള്‍. 2025-26ല്‍ 7 മാസവും ട്രഷറി നെഗറ്റീവ് ബാലന്‍സിലാണ് അവസാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷാവസാനം 6322 കോടി രൂപയുടെ നീക്കിയിരിപ്പാണ് കാണിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ചിലെ 8450 കോടിയുടെ പൊതുവിപണ വായ്പകളും മാര്‍ച്ച് 24ന് ശേഷം ലഭിച്ച 4969 കോടിയുടെ അധിക കേന്ദ്ര വിഹിതവുമാണ് അതില്‍ പ്രതിഫലിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഇവ രണ്ടും വര്‍ഷാവസാനമുള്ള ക്രമീകരണങ്ങള്‍ മാത്രമാണെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു. വര്‍ഷാവസാന ബാലന്‍സിന്റെ ദുര്‍ബലത പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പെട്ടെന്നു തന്നെ വ്യക്തമായി. 2026 ഏപ്രിലില്‍ ബാലന്‍സ് 5264 കോടിയായും 2026 മേയ് 16 ആകുമ്പോഴേക്കും 2212 ആയും കുറഞ്ഞു.
ആറാഴ്ചയ്ക്കുള്ളിലാണ് 4110 കോടി ഇടിഞ്ഞത്. വായ്പയെടുത്ത ഫണ്ടുകളും അവസാന നിമിഷം ലഭിച്ച കേന്ദ്ര വിഹിതവും ഉപയോഗിച്ചു പെരുപ്പിച്ച കാണിച്ച വര്‍ഷാവസാന ബാലന്‍സ് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇല്ലാതായെന്നും സാമ്പത്തിക സമ്മര്‍ദം സ്വയം പുറത്തുവന്നുവെന്നും ധവളപത്രത്തില്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിന് അനുകൂലമായ നിര്‍ദേശങ്ങളാണ് ധവളപത്രത്തില്‍ ഉള്ളത്. വിരമിക്കല്‍ പ്രായം ഓരോ വര്‍ഷം ഉയര്‍ത്തുമ്പോഴും വിരമിക്കല്‍ ആനുകൂല്യങ്ങളുടെ ഇനത്തില്‍ സംസ്ഥാനത്തിന് ഏകദേശം 6000 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. വരുമാനതിന്റെ 80 ശതമാനത്തോളം ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായാണു ചെലവഴിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളേക്കാള്‍ വളരെ കൂടുതലാണിത്. ജനങ്ങളില്‍നിന്നു നികുതി പിരിച്ച് അതിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെന്‍ഷനുമായി ചെലവഴിക്കുന്നത് ശരിയല്ലെന്ന് ധവളപത്രത്തില്‍ പറയുന്നു. ആ സാഹചര്യത്തില്‍ കഠിനമായ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണ്. വിരമിക്കല്‍ പ്രായം കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ ഉയര്‍ത്തുന്നതിനെക്കുറിച്ച് വിവിധ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. നമ്മുടെ സംസ്ഥാന ജീവനക്കാർ വളരെ നേരത്തേയാണ് വിരമിക്കുന്നത്. ശരാശരി ആയുര്‍ദൈര്‍ഘ്യം കണക്കിലെടുക്കുമ്പോള്‍ അവര്‍ക്കു മികച്ച അനുഭവസമ്പത്തുള്ള കാലയളവാണിതെന്നും ധവളപത്രത്തില്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ മാതൃകയില്‍ പത്തു വര്‍ഷത്തിലൊരിക്കല്‍ മാത്രം ശമ്പള കമ്മിഷനുകളെ നിയമിക്കുക എന്ന നിര്‍ദേശവും ധവളപത്രത്തിലുണ്ട്.

