Hot Posts

6/recent/ticker-posts

രാജ്യത്ത് 24 മണിക്കൂറിനിടെ മരണം 132, പുതിയ രോഗികള്‍ 5609



ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നു. 24 മണിക്കൂറിനിടെ 132 പേര്‍ മരിക്കുകയും, 5609 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,12,359 ആയി. മരണം 3,435ഉം. ഇത് രണ്ടാം തവണയാണ് ഒരു ദിവസം രാജ്യത്ത് ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

രാജ്യത്ത് രണ്ടാഴ്ചക്കിടെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 45,299 ആളുകള്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 40 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഏഴുശതമാനത്തില്‍ താഴെ രോഗികള്‍ക്കു മാത്രമാണ് ആശുപത്രിസഹായം വേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ എറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്ത് വരുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. രോഗബാധിതരുടെ എണ്ണം ആകെ രോഗികളുടെ എണ്ണം 40000ത്തിലേക്ക് കടക്കുകയാണിവിടെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 64 പേരുടെ ജീവന്‍ കൂടി പൊലിഞ്ഞതോടെ ആകെ മരണം 1390 ആയി. 

തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത്. അതില്‍ തമിഴ്‌നാട്ടിലും ഗുജറാത്തിലും ഡല്‍ഹിയിലും രോഗബാധിതരുടെ എണ്ണം 10,000 കടന്നു.


Reactions