Hot Posts

6/recent/ticker-posts

കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 6,767 പേര്‍ക്ക് രോഗബാധ


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,767 പേര്‍ക്കാണ് പുതിയതായ് രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്. ഇതോടെ രോഗബാധിതര്‍ 1,31,868 ആയി ഉയര്‍ന്നു.

147 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 3,867 ആയി. നിലവില്‍ 73,560 പേരാണ് ചികിത്സയിലുള്ളത്. 54,440 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയ്ക്കു (47,190) പിന്നാലെ തമിഴ്‌നാട് (15512), ഗുജറാത്ത് (13,664), ഡല്‍ഹി (12,910) എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്ര (1,577), ഗുജറാത്ത് (829), മധ്യപ്രദേശ് (281), ബംഗാള്‍ (269), ഡല്‍ഹി (231) എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മരണം.

രാജ്യത്ത് കോവിഡ് സ്ഥിതി കൂടുതല്‍ തീവ്രമാകുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അടുത്ത രണ്ടു മാസം കൂടുതല്‍ ജാഗ്രത വേണം. ആശുപത്രികള്‍ സജ്ജമായിരിക്കണം. കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും എണ്ണം കൂട്ടണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.


Reactions