Hot Posts

6/recent/ticker-posts

മെയ് 3 ന് തീരില്ല! രാജ്യത്ത് ലോക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍


ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ചത്തേക്കു നീട്ടിയതായി കേന്ദ്ര സർക്കാർ. മേയ് 3 ന് രണ്ടാം ഘട്ട ലോക് ഡൗൺ കഴിയാനിരിക്കെയാണു നിർണായക തീരുമാനം. ഇതോടെ രാജ്യത്തെ ലോക്ഡൗൺ മേയ് 17 വരെ നീളും. റെഡ്സോണുകളിൽ നിയന്ത്രണം കടുപ്പിക്കും എന്നാൽ ഗ്രീൻ സോണുകളിലും ഓറഞ്ച് സോണുകളിലും ഇളവുകൾ ഉണ്ടാകും.

പൊതുഗതാഗത വിലക്ക് തുടരും. എന്നാൽ ഗ്രീൻ സോണുകളിൽ ബസ് സർവീസുകൾക്ക് അനുമതി നൽകും. 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കു. വിമാനം, റെയിൽവേ, അന്തർ സംസ്ഥാന യാത്രകൾ തുടങ്ങിയവയ്ക്കുള്ള വിലക്ക് തുടരും. സിനിമാശാലകൾ, മാളുകൾ, ജിംനേഷ്യം എന്നിവ പ്രവർത്തിക്കില്ല. ജില്ലകള്‍ക്കുള്ളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ എന്ന രീതിയിൽ വിഭജനമുണ്ടാകും. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ക്ക് അനുവാദമില്ല.


പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ടാകും. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടുകളിൽനിന്നു പുറത്തിറങ്ങരുത്. ഗർഭിണികൾ‌ക്കും രോഗികൾക്കും പുറത്തിറങ്ങുന്നതിനു വിലക്കുണ്ട്. അവശ്യ കാര്യങ്ങൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് എഴുവരെ പുറത്തിറങ്ങാം. റെഡ്സോണിലും സ്വകാര്യ ഓഫിസുകൾക്കും പ്രവർത്തിക്കാം. 33 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കു. ഓറഞ്ച് സോണിൽ ടാക്സി അനുവദിക്കും. ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമേ ടാക്സിയിൽ കയറാവൂ എന്നും കേന്ദ്രം പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ പറയുന്നു.

Reactions