ബംഗളൂരു: നാലാംഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്നത് വരെ കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ നിന്ന് കര്‍ണാടക സര്‍ക്കാര്‍ കേരളത്തിന് ഒഴിവാക്കി. മാതൃകാപരമായ രീതിയില്‍ കോവിഡിനെ ചെറുക്കുന്ന കേരളത്തിനും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് വിമര്‍ശന വിധേയമായതോടെയാണ് കര്‍ണാടക നിലപാട് തിരുത്തിയത്. കേരളത്തിന് യാത്രാവിലക്കില്ലെന്ന വിവരം ചൊവ്വാഴ്ച പുലര്‍ച്ചെ 12.25ന് കര്‍ണാടക ആരോഗ്യവകുപ്പ് ട്വീറ്റ് ചെയ്തു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്ക് തിരിച്ചെത്തുന്നവരില്‍ കോവിഡ് 19 കേസ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ആരോഗ്യ വകുപ്പ് ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അറിയിക്കുകയും ചെയ്തു.
കര്‍ണാടകയുടെ സേവാ സിന്ധു വെബ്‌സൈറ്റ് വഴി പാസ് ലഭിച്ചവര്‍ക്ക് കര്‍ണാടകയിലേക്ക് മടങ്ങാന്‍ തടസ്സമില്ലെന്നും, അടിയന്തര സാഹചര്യമുള്ളവര്‍ക്കും അവശ്യ സര്‍വിസുകള്‍ക്കും പ്രവേശാനുമതി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. അതിര്‍ത്തി പങ്കിടുന്ന ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍നിന്നും കര്‍ണാടകയിലേക്ക് യാത്രാഅനുമതിയുണ്ട്. കര്‍ണാടകയില്‍നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് നിയന്ത്രണം ബാധകമാകില്ല. മറ്റു സംസ്ഥാനങ്ങളില്‍നിന്നും കര്‍ണാടക വഴി പോകുന്നവരെയും നിയന്ത്രണം ബാധിക്കില്ല.
മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്ന് മടങ്ങിയെത്തിയവരിലാണ് കോവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍നിന്ന് മടങ്ങിയെത്തിയ ഒരാള്‍ക്കും പോലും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. നാലാം ഘട്ട ലോക്ക് ഡൗണില്‍ ഇരു സംസ്ഥാനങ്ങളും കുടിയാലോചിച്ച് അന്തര്‍ സംസ്ഥാന ഗതാഗതം അനുവദിക്കാമെന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെയായിരുന്നു കര്‍ണാടകയുടെ നടപടി.
