ഈരാറ്റുപേട്ട: തന്റെ നിയോജക മണ്ഡലമായ പൂഞ്ഞാറിലെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് പി.സി.ജോർജ് എംഎൽഎ പറഞ്ഞു. ഈരാറ്റുപേട്ട ബ്ലോക്കിൽ ചേർന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎൽഎ ഫണ്ടിൽ നിന്നും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ കീഴിലുള്ള ഗവ.ആശുപത്രികൾക്ക് അനുവദിച്ച പദ്ധതികൾക്ക് ആവശ്യമായ നിർദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
ഈരാറ്റുപേട്ട ബ്ലോക്ക് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർക്കാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. അടിയന്തര പ്രാധാന്യത്തോടെ ഭരണാനുമതി ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ആർ., വൈസ് പ്രസിഡന്റ് ലിസി തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസാദ് തോമസ്, സുജാ ബാബു, ഷാജൻ പുറപ്പന്താനം, നിർമ്മല മോഹനൻ, നഗരസഭ വൈസ് ചെയർപേഴ്സൺ ബൽക്കീസ് നവാസ്, തോമസ് വടകര , മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ, മെഡിക്കൽ ഓഫിസർമാർ തുടങ്ങിയവർ പങ്കെടുത്തു.
