Hot Posts

6/recent/ticker-posts

ഈഫൽ ഗോപുരം ഈ മാസം തുറക്കും



ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് പാരീസിലെ ഈഫൽ ടവർ. കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ലോകം മുഴുവനായി അടച്ചിട്ടപ്പോൾ ഈഫൽ ടവറും അടച്ചിടേണ്ടി വന്നു. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ജൂൺ 25ന് ഈഫൽ ടവർ സന്ദർശകർക്കായി തുറന്നുകൊടുക്കും. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഈഫൽ ടവർ മൂന്ന് മാസത്തിൽ കൂടുതൽ അടച്ചിടുന്നത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സാവകാശം എടുത്തുമാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് ഫ്രെഞ്ച് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പടിപടിയായി തുറക്കാൻ തീരുമാനിച്ചു. മാസങ്ങള്‍ക്ക് ശേഷം ഈഫല്‍ ടവര്‍ വീണ്ടും തുറന്നു കൊടുക്കുമ്പോള്‍ സന്ദര്‍ശകര്‍ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടാകും. ജൂണ്‍ 25 മുതല്‍ ഈഫല്‍ ഗോപുരം സന്ദര്‍ശിക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌കും ഫെയ്‌സ് ഷീല്‍ഡുകളും ധരിച്ചിരിക്കണമെന്ന് നിര്‍ദേശമുണ്ട്. സാമൂഹിക അകലം പാലിച്ചു വേണം സന്ദര്‍ശനം നടത്താന്‍.

നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഈഫല്‍ ഗോപുരത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. തുടക്കത്തില്‍ സന്ദര്‍ശകരെ പടി കയറി മാത്രമെ മുകളിലേക്ക് പോകാന്‍ അനുവദിക്കുകയുള്ളൂ. എലിവേറ്റര്‍ വഴി കയറാന്‍ പാടില്ല. കൊവിഡ് 19 പകരുന്ന സാഹചര്യത്തില്‍ ആള്‍ക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്താനാണ് ഇങ്ങനെ ചെയ്യുന്നത്. പടികള്‍ വഴി മുകളിലേക്ക് കയറുന്നവരും താഴേക്ക് വരുന്നവരും മുഖാമുഖം വരാതിരിക്കാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഈസ്റ്റ് പില്ലര്‍ വഴി മുകളിലേക്കും വെസ്റ്റ് പില്ലര്‍ വഴി താഴേക്കും ഇറങ്ങാനായിരിക്കും നിര്‍ദേശിക്കുക.

ജൂണ്‍ 25ന് ഈഫല്‍ ഗോപുരം വീണ്ടും വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുമ്പോള്‍ ഏറ്റവും മുകളിലത്തെ നില അടഞ്ഞു തന്നെ കിടക്കും. സന്ദര്‍ശകരുടെ സുരക്ഷ കണക്കിലെടുത്ത് തറയില്‍ അടയാളങ്ങള്‍ നല്‍കിയിട്ടുണ്ട്. ആള്‍ക്കാര്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണിത്.
Reactions