തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശത്തു നിന്നുള്‍പ്പെടെ കേരളത്തിന്റെ പുറത്ത് നിന്ന് എത്തുന്നവര്‍ക്കായ് സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റീന്‍ സംവിധാനം ഒഴിവാക്കിയതായ് ഉത്തരവ് ഇറങ്ങി. വീടുകളില്‍ ഇതിനായ് സൗകര്യമുള്ളവര്‍ 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. എന്നാല്‍ എന്തുകൊണ്ടാണ് ക്വാറന്റീന്‍ നയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതെന്ന് വിശദീകരിച്ചിട്ടില്ല.
വിദേശത്തുനിന്ന് എത്തുന്ന എല്ലാവരും എഴ് ദിവസം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ഇനി മുതല്‍ പുറത്തുനിന്നു വരുന്നവരെല്ലാവരും 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റീനില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമുണ്ടോയെന്നത് വാര്‍ഡുതല സമിതികള്‍ ഉറപ്പാക്കണം. ഇവര്‍ വീടുകളിലെത്തി ഇക്കാര്യങ്ങള്‍ ഉറപ്പാക്കണം. വീടുകളില്‍ ക്വാറന്റീന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് മാത്രമേ ഇനി ഇന്‍സ്റ്റിറ്റിയഷണല്‍ ക്വാറന്റീന്‍ ഉണ്ടാകു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പാസുകള്‍ എടുക്കാതെ വരുന്നവരെയും ഇന്‍സ്റ്റിറ്റിയഷണല്‍ ക്വാറന്റീനിലാക്കും.
കൂടാതെ ഹോം ക്വാറന്റീനില്‍ ഒരു വ്യക്തി എത്തിയാല്‍ ആ വീട്ടിലെ അംഗങ്ങളും നിരീക്ഷണത്തില്‍ കഴിയണം. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതും ഇത്തരത്തില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് മനസിക സംഘര്‍ഷം വര്‍ധിക്കുന്നതും കണക്കിലെടുത്താണ് ഈ തീരുമാനം മാറ്റിയിരിക്കുന്നതെന്നാണ് സൂചന.
