ന്യൂഡല്‍ഹി: നിയന്ത്രണങ്ങളോടെ പുരി ജഗന്നാഥ രഥയാത്ര നടത്താന്‍ സുപ്രീംകോടതി അനുമതി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, ക്ഷേത്ര സമിതി എന്നിവരുടെ സഹകരണത്തോടെ രഥയാത്ര സംഘടിപ്പിക്കാനാണ് കോടതി അനുമതി നല്‍കിയത്.
സാഹചര്യം നിയന്ത്രണ വിധേയമല്ലെന്ന് കണ്ടെത്തിയാല്‍ രഥയാത്രയും ഉല്‍സവവും ഒഡീഷ സര്‍ക്കാറിന് നിര്‍ത്തിവെക്കാമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടികണക്കിന് വിശ്വാസികളുടെ വിഷയമാണിതെന്ന് സോളിസിറ്റര്‍ ജനറല്‍ സുരേഷ് മേത്ത കോടതിയെ അറിയിച്ചു.
സംസ്ഥാനത്തിന് നിരോധനാജ്ഞയും കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.
നിയന്ത്രണങ്ങള്‍ക്ക് വിധേയമായി രഥയാത്ര സംഘടിപ്പിക്കുന്നതിനെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സുപ്രീംകോടതിയില്‍ പിന്തുണച്ചിരുന്നു. ഈ മാസം 23നാണ് രഥയാത്ര സംഘടിപ്പിക്കേണ്ടത്. ജഗന്നാഥ ഭഗവാന്റെ ഏറ്റവും വലിയ ക്ഷേത്രമാണ് തീരദേശ ജില്ലയായ പുരിയില്‍ സ്ഥിതി ചെയ്യുന്നത്. രഥയാത്രയിലും ഉല്‍സവത്തിലും ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷകണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.
