പാലാ നഗരത്തിലെ ബഹുനില കെട്ടിടത്തില്‍ മദ്യാസക്തന്റെ ആത്മഹത്യാ ഭീഷണി. എന്നാല്‍ പിന്നീടത് ലഹരിവിരുദ്ധ ദിനത്തിലെ മോക്ക്ഡ്രില്ലായിരുന്നുവെന്ന തിരിച്ചറിവില്‍ പൊതുജനത്തിന് ആശ്വാസം.
മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും ദുരുപയോഗം മൂലം സമീപകാലത്തു വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദുരവസ്ഥ വരച്ചുകാട്ടാന്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി എസ്.എം.വൈ.എം.മ്മിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബോധവല്‍ക്കരണ മോക്ക് ഡ്രില്ലായിരുന്നു പരിപാടി.
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ യൂണിറ്റ് പ്രതിനിധി ജോയി ചേലേക്കണ്ടമാണ് മദ്യപന്റെ റോളില്‍ സ്റ്റേഡിയം ജംഗ്ഷനിലെ മുനിസിപ്പല്‍ കോംപ്ലക്‌സിന്റെ നാലുനിലക്ക് മുകളിലുള്ള സൈറണ്‍ ടവറില്‍ കയറി നിലയുറപ്പിച്ചത്. പിന്നീട് നഗരത്തിലുള്ളവരുടെ ശ്രദ്ധ മുഴുവന്‍ കെട്ടിടത്തിന് മുകളിലിരിക്കുന്ന ജോയിയുടെ പ്രകടനത്തിലേക്കായി.
മിനിട്ടുകള്‍ക്കുള്ളില്‍ പാലാ പോലീസ് സ്ഥലത്ത് എത്തുന്നു. തുടര്‍ന്ന് സൈറണ്‍ മുഴക്കിക്കൊണ്ട് ഫയര്‍ഫോഴ്‌സും കുതിച്ചെത്തുന്നു. അല്പസമയത്തിനുള്ളില്‍ എക്‌സൈസും മുനിസിപ്പല്‍ അധികാരികളും രംഗത്ത്. പിന്നീട് ഉദ്യോഗകരമായ നിമിഷങ്ങള്‍. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കെട്ടിടത്തിന് മുകളിലേക്ക് കയറി അനുനയിപ്പിച്ച് ജോയിയുമായി താഴെയെമ്പോള്‍ ജോയിയുടെ കൈവശം സൂക്ഷിച്ചിരുന്ന 'വീടു മുടിക്കും നാടുമുടിക്കും മദ്യവും മയക്കുമരുന്നും നമുക്ക് വേണ്ടേ വേണ്ട' എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാണിക്കുകയും ചെയ്തതോടുകൂടിയാണ് കണ്ടുനിന്നവര്‍ക്ക് ആശ്വാസമായത്. അതുവരെ അവന് 'കള്ളാ, കഞ്ചാവാ' എന്നുള്ള പ്രതികരണങ്ങളായിരുന്നു കാണികള്‍ക്കിടയില്‍. എന്നാല്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളോട് കാലങ്ങളായി വിരുദ്ധത പ്രകടിപ്പിക്കുന്ന ചെറിയൊരുവിഭാഗം വിരലിലെണ്ണാവുന്ന ആളുകള്‍ ഈ മോക്ക്ഡ്രില്ലിനെതിരെ പ്രകോപനം സൃഷ്ടിക്കുകയും അതിനെതുടര്‍ന്ന് പോലീസ് സംരക്ഷണയില്‍ മോക്ക്ഡ്രില്‍ ചെയ്ത ഭാരവാഹികളെ പ്രദേശത്തുനിന്ന് മാറ്റുകയും ചെയ്തു. ഇത് വ്യത്യസ്തമായ ബോധവല്‍ക്കരണമായി മാറി.
പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, മുനിസിപ്പാലിറ്റി ഡിപ്പാര്‍ട്ടുമെന്റുകള്‍ മോക്ക്ഡ്രില്ലിനോട് പൂര്‍ണ്ണമായും പിന്തുണ നല്‍കിയിരുന്നു. ഇക്കാര്യം പ്രകോപനം സൃഷ്ടിച്ചവര്‍ക്ക് അറിയില്ലായിരുന്നു. മുഴുവന്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും കത്തിടപാടുകളും മുന്‍കൂട്ടിയുള്ള ചര്‍ച്ചയും അറിയിപ്പുകളും നടന്നതിനുശേഷമാണ് ഈ മോക്ക്ഡ്രില്‍ അരങ്ങേറിയിരുന്നത്. ഈ മോക്ക്ഡ്രില്ലിനോട് സഹകരിച്ച പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, മുനിസിപ്പല്‍ അധികാരികളോട് സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അഭിനന്ദനം അറിയിച്ചു. കോവിഡ്-19 നിയന്ത്രണ നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് ഏകാംഗ മോക്ക്ഡ്രില്ലാണ് സംഘടിപ്പിച്ചത്.
മദ്യപ്രളയത്തിനെതിരെ നോഹിന്റെ പെട്ടകം, ഹെലികോപ്ടറും, യുദ്ധമുഖത്തെ പാറ്റന്‍ ടാങ്കും പോലുള്ള ശ്രദ്ധേയമായ നൂതന ബോധവല്‍ക്കരണ പരിപാടികള്‍ മുന്‍പ് മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ചിട്ടുണ്ട്.
സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഡയറക്ടര്‍ ഫാ. മാത്യു പുതിയിടത്ത്, എസ്.എം.വൈ.എം. ഡയറക്ടര്‍ ഫാ. സിറിള്‍ തയ്യില്‍, സാബു എബ്രാഹം, ജോസ് കവിയില്‍, അലക്‌സ് കെ. ഇമ്മാനുവല്‍, ബിബിന്‍ ജോസഫ്, ബെന്നി കൊളളിമാക്കിയില്‍, സിബി പാറന്‍കുളങ്ങര എന്നിവര്‍ വിവിധ കേന്ദ്രങ്ങളിലിരുന്ന് പരിപാടിയെ നിയന്ത്രിച്ചു.
