കോഴിക്കോട്: സമയോചിത ഇടപെടൽ മൂലമാണ് കരിപ്പൂർ വിമാനദുരന്തത്തിൻറെ വ്യാപ്തി കുറച്ചതെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ഭരണകൂടവും വിമാനത്താവള അധികൃതരും കൃത്യമായി ഇടപെട്ടുവെന്നും ദുരന്തത്തിൽ അഗാധ ദുഃഖമെന്നും കരിപ്പൂരിലെത്തിയ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ അപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും സഹായധനവും പ്രഖ്യാപിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സഹായമായി 10 ലക്ഷം രൂപയാണ് നൽകുക. സാരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും നിസാര പരിക്കുള്ളവർക്ക് 50,000 രൂപ വീതവും നൽകുമെന്നും ഹർദീപ് സിംഗ് അറിയിച്ചു.
അപകടത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. പരമാവധി തെളിവുകൾ കണ്ടെത്തുകയാണ് പ്രധാനം. ഊഹാപോഹത്തിനുള്ള സമയമല്ല ഇതെന്നും മന്ത്രി പറഞ്ഞു. റൺവേ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടന്നിട്ടുണ്ട്. വിമാനത്തിൻറെ രണ്ട് ബ്ലാക്ക്ബോക്സുകളും കിട്ടി. ഡാറ്റ റെക്കോർഡറും കണ്ടെത്തിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
