തിരുവനന്തപുരം പത്മനാഭ ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് കാസർഗോഡ് ജില്ലയിലെ അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് വിശ്വാസം. ഇന്ത്യയിലെ തന്നെ ഏക തടാക ക്ഷേത്രമായ അനന്തപുരം ക്ഷേത്രത്തിന്റെ ഒപ്പം തന്നെ പ്രസിദ്ധി ആർജ്ജിച്ചിട്ടുണ്ട് അവിടുത്തെ കുളത്തിലെ 75 വയസ്സിലധികം പ്രായമുള്ള ബബിയ എന്ന മുതലയും. ലോകത്തിലെ തന്നെ വെജിറ്റേറിയനായ ഏക മുതലയായിരിക്കും ബബിയ. ക്ഷേത്രത്തിലെ പൂജാരി ദേവ സങ്കൽപത്തിൽ കൊടുക്കുന്ന നിവേദ്യ ചോറാണ് ബബിയയുടെ ആഹാരം. പൂജാരി വന്നു വിളിക്കുമ്പോൾ വെള്ളത്തിൽ നിന്നും പൊങ്ങി വന്ന് നേദ്യച്ചോറു കഴിക്കുന്ന ബബിയ ഒരു അത്ഭുതം തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബബിയ ക്ഷേത്ര നടയിൽ വന്നു കിടക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. എല്ലാ ദിവസങ്ങളിലും ബബിയ കുളത്തിൽ നിന്നും കയറി പടിക്കെട്ടിൽ കിടക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം പതിവിന് വിപരീതമായി രാവിലെ ആറുമണിക്ക് ശേഷമാണ് ബബിയ തിരികെ മടങ്ങിയത്. ധാരാളം മീനുകൾ ഉള്ള ക്ഷേത്രക്കുളത്തിലെ മീനുകളെ ഒന്നും തന്നെ ബബിയ പിടിക്കാറില്ല. മറ്റു മുതലകളെ പോലുയള്ള ആക്രമണ സ്വഭാവമില്ലാത്ത മുതലയാണ് ബബിയ. ബ്രിട്ടീഷ് ഭരണകാലത്ത് ക്ഷേത്രം തകർക്കെപ്പെടുകയും പട്ടാളക്കാർ മുതലയെ വെടിവെച്ചു കൊന്നുവെന്നും എന്നാൽ രണ്ടാം ദിവസം മുതല കുളത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടുവെന്നുമാണ് ഐതിഹ്യം. ശ്രീപത്മനാഭ സ്വാമിക്ഷേത്രം വരെ നീളുന്നത് എന്ന് ഭക്തർ ഇപ്പോഴും വിശ്വസിക്കുന്ന ഒരു ഗുഹാ മുഖവും ഈ ക്ഷേത്രത്തിൽ ഉണ്ട്.
