വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ കർശനമായതിനാൽ, വലിയ തോതിൽ പെറ്റു പെരുകിയിട്ടും അവയുടെ എണ്ണം നിയന്ത്രിച്ചു നിര്‍ത്താന്‍ വനം വകുപ്പിനായില്ല. ഈ സമയത്താണു നിരന്തരമായി കാട്ടുപന്നി ശല്യമുള്ള മേഖലകളിൽ വ്യവസ്ഥകൾക്കു വിധേയമായി ഉദ്യോഗസ്ഥർക്ക് പുറമെ തോക്ക് ലൈസൻസുള്ള നാട്ടുകാർക്കും അവയെ വെടിവച്ചുകൊല്ലാൻ സർക്കാർ അനുമതി നൽകി ഉത്തരവായത്. ഉത്തരവ് നടപ്പാക്കപ്പെടുകയും നിരവധി കാട്ടുപന്നികളെ വെടിവച്ചു കൊല്ലുകയും ചെയ്തു. എന്നിട്ടും അവയുടെ എണ്ണത്തിലോ ശല്യത്തിലോ വലിയ കുറവു കാണാത്തതിനാൽ അവയെ വെർമിൻ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിക്കാൻ സർക്കാർ ആലോചിച്ചത്. അങ്ങനെ പ്രഖ്യാപിക്കപ്പെട്ടാൽ നാട്ടിൽ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാൻ വകുപ്പിന് സാധിക്കും. പക്ഷേ അതിന് കേന്ദ്ര അനുമതി ആവശ്യമാണ്. സംസ്ഥാനത്തു മുഴുവനായും അങ്ങനെ അനുമതി ലഭിക്കില്ല. മേഖലകളിലെ പന്നി ആക്രമണത്തിന്റ രൂക്ഷത തുടങ്ങിയ വിശദ വിവരങ്ങൾ സഹിതം അപേക്ഷിക്കുമ്പോൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ അനുമതി ലഭിക്കും. ഇപ്പോൾ അതു ശരിയാക്കി കേന്ദ്രത്തിനു അയക്കാൻ ഉത്തരവു നൽകിയിട്ടുണ്ട്. കേന്ദ്രനുമതി ലഭിച്ചാലുടനെ കേരളത്തിലെ കാട്ടുപന്നി ആക്രമണം പൂർണമായും നിയന്ത്രിക്കാൻ കഴിയുമെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
