പാലാ : കോവിഡ് കാലത്തെ സന്നദ്ധ രക്തദാനം മഹത്തരമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. രാജ്യത്തെ യുവജനങ്ങളുടെയിടയിൽ തുടർച്ചയായും സന്നദ്ധമായും പ്രതിഫലേച്ഛയില്ലാതെയും രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാലായിൽ നടത്തിയ സന്നദ്ധ രക്തദാന ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പശ്ചാത്തലത്തിൽ നടന്ന ഈ വർഷത്തെ രക്തദാന ദിനാചരണവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന മെഗാ രക്തദാന ക്യാമ്പും ശ്രദ്ധേയമായി. കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പാലാ ഡിസ്ട്രിക്ട് അസ്സോസ്സിയേഷൻ്റെ നേതൃത്വത്തിൽ കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും ജില്ലാ ആരോഗ്യ വകുപ്പിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും പാലാ സ്പൈസ് വാലി ലയൺസ് ക്ലബ്ബിൻ്റെയും സഹകരണത്തോടെ പാലാ സെൻ്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന സമ്മേളനത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ മേരി ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ മുഖ്യ പ്രഭാഷണം നടത്തി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ,പാലാ ഡി വൈ എസ് പി സാജു വർഗീസ് എന്നിവർ സന്ദേശം നൽകി. സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ മാത്യു എം കുര്യാക്കോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, മുനിസിപ്പൽ കൗൺസിലർ മിനി പ്രിൻസ്, സ്കൗട്ട് & ഗൈഡ് ജില്ലാ ട്രെഷറാർ സിബി പി ജെ , ബേബിച്ചൻ കൂന്താനത്ത്,ഭാരത് സ്കൗട്ട് & ഗൈഡ്സ് ജില്ലാ സെക്രട്ടറി ബെന്നി മാത്യു ,റ്റി യു ജോബി തോലാനിക്കൽ എന്നിവർ ആശംസകളർപ്പിച്ചു.
പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിൻ്റെ നൂറ്റിയേഴാമത് രക്തദാനത്തോടെ ആരംഭിച്ച സന്നദ്ധ രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടനം പാലാ ഡി വൈ എസ് പി സാജു വർഗീസ് നിർവ്വഹിച്ചു. ക്യാമ്പുകൾ നയിച്ചത്
പാലാ കിസ്കോ - മരിയൻ ബ്ലഡ് ബാങ്കും
കോട്ടയം ലയൺസ് - എസ് എച്ച് എം സി ബ്ലഡ് ബാങ്കും ആണ്. രക്തത്തിനായി നെട്ടോട്ടമോടുന്ന രോഗികളുടെ ബന്ധുക്കളെ സഹായിക്കുവാൻ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുവാനും കോവിഡ് രോഗത്തിൽ നിന്നും മുക്തരായവരെ പ്ലാസ്മാ ദാനം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുവാനുമായിട്ടുള്ള നൂറുദിന കര്‍മ്മ പരിപാടികളും ആരംഭിച്ചു. ജനമൈത്രി സി ആർ ഓ സുദേവ് എസ്, ഡോ. പി ഡി ജോർജ്, കെ ആർ ബാബു, സാബു അബ്രാഹം, പ്രെഫ.സുനിൽ തോമസ്, സജി വട്ടക്കാനാൽ, കെ ആർ സുരജ്, ജയ്സൺ പ്ലാക്കണ്ണി, സന്തോഷ് മരിയസദനം, ഷാജി തകിടിയേൽ, ബൈജു കൊല്ലംപറമ്പിൽ, ആർ അശോകൻ, ബിനോയി തോമസ്, പ്രഭു കെ ശിവറാം, ജോമി സന്ധ്യാ, തോമസ് കാവുംപുറം, എന്നിവർ നേതൃത്വം നൽകി.
കോവിഡ് മുക്തരായി 28 ദിവസം കഴിഞ്ഞ 18 വയസിനും 50 വയസിനും ഇടയിലുള്ള കോവിഡ് മുക്തരായവരില്‍ മറ്റ് ആരോഗ്യ പ്രശനങ്ങളില്ലാത്തവർക്ക് പ്ലാസ്മ ദാനം ചെയ്യാവുന്നതാണ്.
ദാതാവിനു സാധാരണ രക്തം ദാനം ചെയ്യുന്ന പോലെ അനുഭവമായിരിക്കും പ്ലാസ്മാ ദാനത്തിലും അനുഭവപ്പെടുക. രക്തബാഗിലേക്ക് എന്നതിനു പകരം നേരിട്ടു പ്ളാസ്മ ശേഖരണ യന്ത്രത്തി ലേക്കു രക്തം ശേഖരിച്ച് പ്ലാസ്മ മാത്രം അരിച്ചെടുത്ത ശേഷം മറ്റുള്ള രക്ത ഘടകഘങ്ങളായ പ്ളേറ്റ്ലെറ്റ്, ചുവന്ന രക്താണുക്കള്‍, ശ്വേത രക്താണുക്കള്‍ തുടങ്ങിയവ ദാതവിന്‍റെ ശരീരത്തിലേക്കു തന്നെ തിരിച്ച് നല്‍കുകയാണു ചെയ്യുന്നത്. അതിനാല്‍ ദാതാവിനു സാധാരണ രക്ത ദാനത്തിലെ പോലെ തന്നെയാണു അനുഭവപ്പെടുക.
നഷടപ്പെടുന്ന പ്ലാസ്മ ഒന്നോ രണ്ടോ ദിവസത്തിനകം ശരീരത്തിലേക്ക് തിരിച്ചെത്തും. സാധാരണ രക്ത ദാനത്തിന് ശേഷം മൂന്ന് മാസം കഴിഞ്ഞേ രക്തം ദാനം ചെയ്യനാവുകയുള്ളു. എന്നാൽ പ്ലാസ്മ ദാതാവിനു ആഴ്ച്ചയില്‍ പരമാവധി രണ്ട് തവണ എന്ന തോതില്‍ രണ്ട് ദിവസത്തിനു ശേഷം വീണ്ടും രക്തം ദാനം ചെയ്യുവാൻ കഴിയും.

