കോട്ടയം: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനമായി മാറിയതോടെ ഇപ്പോഴാണ് കേരളം ശരിക്കും നമ്പർ വൺ ആയതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കോട്ടയത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് കെ.സുരേന്ദ്രൻ ഇങ്ങനെ ചോദിച്ചത്. ഗുരുതര പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നും കോവിഡ് രോഗിക്ക് തലയിൽ മുണ്ടിട്ട് ചികിത്സയ്ക്ക് വരേണ്ട അവസ്ഥയുണ്ടാക്കിയതോടെ പിണറായി വിജയന് സമാധാനമായില്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.
കോവിഡ് രോഗിയോട് തലയിൽ മുണ്ടിട്ട് വരാൻ പറഞ്ഞിരിക്കുകയാണ് ഇടുക്കിയിലെ ആരോഗ്യപ്രവർത്തകർ. ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണ് ഇത് കാണിക്കുന്നത്. ആരോഗ്യവകുപ്പും സംസ്ഥാന സർക്കാരും കൈമലർത്തുകയാണ്. ഇവിടെ ഒരു സംവിധാനവുമില്ലെന്നും കോവിഡ് രോഗികളെ കൊണ്ടുപോവാൻ ആളില്ലെന്നും യഥാർത്ഥത്തിൽ തലയിൽ മുണ്ടിട്ടിരിക്കുന്നത് സർക്കാരാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
