Hot Posts

6/recent/ticker-posts

കണ്ടുമറന്ന പതിവിൽ നിന്നും വ്യത്യസ്തമായി നടൻ അബുസലിമിന്റെ നടനവൈഭവം തെളിയിക്കുന്ന 'ദ ഷോക്ക്' ശ്രദ്ധേയമാകുന്നു.



സു.ബത്തേരി: കണ്ടുമറന്ന പതിവിൽ നിന്നും വ്യത്യസ്തമായി നടൻ അബുസലിമിന്റെ നടനവൈഭവം തെളിയിക്കുന്ന ദ ഷോക്ക് എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു..  പ്രകൃതി ദുരന്തത്തിന്റെയും അതിജീവനത്തിന്റെയും സത്യസന്ധമായ ജീവിതാനുഭവമാണ്  ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശരത്ചന്ദ്രൻ വയനാട് അവതരിപ്പിച്ചിരിക്കുന്നത്

പ്രകൃതി ദുരന്തത്തിന്റെയും അതിജീവനത്തിന്റെയും സത്യസന്ധമായ ജീവിതാനുഭവമാണ് സിനിമയില്‍ പകര്‍ത്തിയിരിക്കുന്നതെന്ന് സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട് പറഞ്ഞു.  മലയാളത്തിലെ പ്രിയ നടന്‍ അബുസലീം അതിസൂക്ഷ്മമായ ഭാവാഭിനയം കൊണ്ട് ഹംസയെ മികവുറ്റതാക്കിയിരിക്കുന്നു. അബുസലിം എന്ന നടന്റെ ഇതുവരെ കാണാത്ത ഒരു മുഖമാണ് ഹംസയിലൂടെ പ്രേക്ഷകര്‍ കാണുന്നത്. വര്‍ഷങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തില്‍ ഇത്രയും ശക്തമായ ഒരു കഥാപാത്രത്തെ ലഭിച്ചിട്ടില്ലെന്നു അബുസലിം പറഞ്ഞു. അബൂസലീമിന് ഒപ്പം ബേബി അമേയ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിചിരിക്കുന്നത്.
        
പ്രകൃതി ദുരന്തത്തില്‍ തന്റെ കുടുംബത്തെ നഷ്ടപ്പെടുന്ന ഹംസക്കു തിരികെ ലഭിക്കുന്നത് പേരക്കുട്ടിയെ മാത്രമാണ്. പ്രിയപ്പെട്ടവര്‍ മണ്ണിനടിയില്‍ അകപ്പെട്ട യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാത്ത മാനസികാവസ്ഥയില്‍ നില്‍ക്കുന്ന ഹംസയുടെ ഉത്തരവാദിത്വം കൂടിയാണ് കൊച്ചുമകളായ സൈറ. തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും കണ്മുന്നിലെ മണ്ണില്‍ തന്നെ പ്രിയപ്പെട്ടവര്‍ ഉണ്ടെന്ന വിശ്വാസത്തില്‍ ആ മണ്ണിനെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന ഹംസ ദുരന്തം വരുത്തിയ ആഘാതവും ദൈന്യതയും രൗദ്രതയും കാഴ്ചക്കാര്‍ക്ക് പങ്കുവയ്ക്കുന്നു. 

എം ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പികെ മുനീര്‍, എംപി റഷീദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന, ഷോര്‍ട് ഫിലിമിന്റെ  ച്ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പോള്‍ ബത്തേരിയാണ്. ആഷിക് ഷാന്‍, കുഞ്ഞുമുഹമ്മദ്, താഹിര്‍ മട്ടാഞ്ചേരി. റിയാസ് വയനാട് എന്നിവരും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരാണ്. പ്രകൃതിയെ ചേര്‍ത്തുപിടിക്കേണ്ടതിന്റെ  ആവശ്യകതയെ ഉദ്‌ബോധിപ്പിക്കുന്ന ദി ഷോക്കിനെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു..
Reactions