Hot Posts

6/recent/ticker-posts

നൊസ്റ്റാൾജിയയുടെ നാട്ടുപൂക്കളുമായി ആതിര



കുഞ്ഞു കാര്യങ്ങളിലൂടെ വല്യ സന്തോഷങ്ങൾ തീർക്കുകയും ഒരു കുന്നോളം മനുഷ്യരുടെ പുഞ്ചിരിയ്ക്ക് കാരണക്കാരിയാവുകയും ചെയ്യുന്ന ഒരാൾ അങ്ങനെയൊരാളെ കുഞ്ഞു കാര്യങ്ങളുടെ തമ്പുരാട്ടി എന്ന് വിളിച്ചാൽ കുറഞ്ഞു പോകുമോ?

എന്നാൽ ആ കുഞ്ഞുകാര്യങ്ങളിലൂടെ വലിയ ലോകം തീർക്കുന്ന വരകളുടെയും, വർണ്ണങ്ങളുടെയും ലോകത്തെ തമ്പുരാട്ടിയെ പരിചയപ്പെടാം.

ഇത് ആതിര രാധൻ. " ലിറ്റിൽ തിങ്സ്" എന്ന സ്വന്തം സംരംഭത്തിലൂടെ സോഷ്യൽ മീഡിയയിൽ  വർണ്ണങ്ങൾ വിരിയിച്ച കണ്ണൂർ സ്വദേശിനി. ഒരു കൗതുകത്തിനായി ചെയ്ത് തുടങ്ങിയ ആതിരയുടെ ബുക്‌മാർക്കുകൾ ആണ് ആദ്യം ജനശ്രദ്ധയാകർഷിച്ചത്. തുടർന്ന് ആതിരയുടെ വരകൾക്കാവശ്യക്കാരേറി വന്നു.


പിറന്നാൾ സമ്മാനമായും, ആന്നിവേഴ്സറി സമ്മാനങ്ങളായും, വെഡ്ഡിംഗ് ഡേ ഇൻവിറ്റേഷൻ കാർഡുകളായും "ലിറ്റിൽ തിങ്സ്" പല രൂപത്തിൽ ജനങ്ങളുടെ മനസ്സിൽ കയറി പറ്റി. പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവരുടെ മനസ്സിൽ ആതിരയുടെ വരകൾ പീലി വിരിച്ചാടി. സെലിബ്രിറ്റികളും ആതിരയുടെ "ലിറ്റിൽ തിങ്‌"സിന്റെ ആരാധകരാണ്.


നാട്ടുപൂക്കൾ 2021

എന്നും വ്യത്യസ്തതകൾക്കു പിന്നിൽ സഞ്ചരിക്കാനാണു അവൾക്കിഷ്ടം.  തന്നെ ഇഷ്ട്ടപ്പെടുന്ന മനുഷ്യർക്ക് വേണ്ടി പുതിയത് എന്ത് എന്ന ആലോചനയിലായിരുന്നു ആതിര.  ആ ആലോചന വന്നെത്തിയത് പുതുവർഷ കലണ്ടറിലാണ്. പക്ഷേ എങ്ങനെ ചെയ്യും. കലണ്ടർ എല്ലാവരും ചെയ്യുന്നുണ്ട് പക്ഷേ തന്റേത് അതിൽ നിന്നെല്ലാം വേറിട്ട് നിൽക്കണമെന്ന് ആതിരയ്ക്ക് നിർബന്ധമായിരുന്നു.
എപ്പോഴും ഇലകളും, പൂക്കളും വരയ്ക്കാനിഷ്ടപ്പെടുന്ന ആതിരയ്ക്ക് അവയെ മാറ്റി നിർത്തി ചിന്തിയ്ക്കാനായില്ല.
ആ ഇഷ്ട്ടമാണ് "നാട്ടുപൂക്കൾ 2021" ഹാൻഡ്‌മേഡ് കലണ്ടറിലേയ്ക്ക് കൊണ്ട് ചെന്നെത്തിച്ചത്. നമ്മുടെ നാട്ടിലെ തൊടികളിലും, മുറ്റത്തുമൊക്കെ സുപരിചിതമായ പൂക്കൾ. നമ്മുടെ കുട്ടിക്കാലത്തിൻറെ ഏറിയ പങ്കും കവർന്നെടുത്ത എപ്പോഴും മനസ്സിൽ ഗൃഹതുരത കോറിയിടുന്ന പൂക്കൾ. അത്തരം പൂക്കളെയാണ് ഈ കലണ്ടറിലേയ്ക്ക് വേണ്ടി ആതിര വരയ്ക്കാൻ ശ്രമിച്ചത്. 
ചെമ്പകം,ചെമ്പരത്തി,ശംഖുപുഷ്പം,തൊട്ടാവാടി,മുല്ല, കണിക്കൊന്ന,മെയ്മാസപൂവ്,കൃഷ്ണകിരീടം,മൂക്കുറ്റി,കനകാംമ്പരം,തുളസി,തുമ്പ
തുടങ്ങിയ 12 പൂക്കളാണ് 12 മാസങ്ങളിലായി "നാട്ടുപ്പൂക്കൾ" എന്ന 2021 കലണ്ടറിൽ ഞെളിഞ്ഞിരിയ്ക്കുന്നത്.


കലണ്ടർ ഇതിനകം തന്നെ  ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.
കലണ്ടർ വാങ്ങിയവരിൽ പലരും വിളിച്ച്  മനസ്സിലുണരുന്ന നൊസ്റ്റാൾജിയ പങ്കു വെയ്ക്കുമ്പോൾ ആതിരയ്ക്കത് ഇരട്ടി സന്തോഷമാവുന്നു.
കലണ്ടറിനൊപ്പം പൂക്കളുടെ വിത്തുകൾ കൂടി കൈമാറുമ്പോൾ ലഭിയ്ക്കുന്ന മനുഷ്യരുടെ മനസ്സും നിറയുന്നു.




ഉടനെ തന്നെ "ലിറ്റിൽ തിങ്ങ്സ് " ന്റെ വെബ്സൈറ്റ് ലോഞ്ചും ഉണ്ടാവും. മാത്രമല്ല , "ലിറ്റിൽ തിങ്ങ്സ്" ഒന്ന് കൂടി വിശാലമാക്കി  ഒരു ആർട് സ്റ്റുഡിയോ എന്ന നിലയിലേയ്ക്ക് കൊണ്ട് ചെന്നെത്തിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് ആതിര രാധൻ പറയുന്നു. വീട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയാണ് തന്റെ ശക്തി. അച്ഛൻ രാധൻ കണ്ണപുരം, അമ്മ മിനി എന്നിവർ നാടകപ്രവർത്തകരാണ്. അനിയത്തി ആരതി. പങ്കാളി വിവേക് തന്റെ ഓരോ ചുവട് വെപ്പിലും പൂർണ്ണ പിന്തുണ നൽകി കൂടെ തന്നെയുള്ളതാണ് തന്റെ സന്തോഷമെന്ന് ആതിര കൂട്ടിച്ചേർക്കുന്നു.
അസാപിൽ ലൈഫ് സ്കിൽ ട്രൈനെർ ആണ് ആതിര രാധൻ.
Reactions