തിരുവനന്തപുരം: സോളർ കേസിലെ സിബിഐ അന്വേഷണാനുമതി ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള ഇടതുമുന്നണിയുടെ നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളുടെ പേരിൽ വലിയ പ്രതിരോധത്തിൽ നിന്നപ്പോൾപ്പോലും പ്രയോഗിക്കാതിരുന്ന കടുത്ത നടപടിക്കു സർക്കാർ ഇപ്പോൾ മുതിർന്നതു നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുതന്നെ.രണ്ട് തിരഞ്ഞെടുപ്പുകളിൽ ചർച്ചചെയ്തു കേരളം കൊണ്ടാടിയ വിഷയമാണ് ഒരിക്കൽക്കൂടി ഉയർന്നുവന്നിരിക്കുന്നത്. സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളിലെ പ്രതി സ്വപ്നയുടെ പേരിൽ പഴികേൾക്കുന്ന സർക്കാരിന്റെ തിരിച്ചടിയാണിതെന്ന ആരോപണം ഇതിനകം ഉയർന്നുകഴിഞ്ഞു.
സോളർ കേസ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പ്രതികരിച്ചതിനു പിന്നാലെയാണു സർക്കാർ തീരുമാനം.രാഷ്ട്രീയപ്രേരിത നീക്കമെന്ന പരിച കൊണ്ട് ആക്രമണത്തെ ചെറുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പരാതിക്കാരിയെക്കൊണ്ടു സിബിഐ അന്വേഷണാവശ്യം സർക്കാർ എഴുതിവാങ്ങുകയായിരുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചു കഴിഞ്ഞു. ബവ്റിജസ് കോർപറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതി കൂടിയായ പരാതിക്കാരിയാണു മുഖ്യമന്ത്രിയെ നേരിൽക്കണ്ടു കത്തു നൽകിയത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രധാന ആയുധമാക്കിയ സോളർ കേസ് പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം പൂർണമായി അവഗണിച്ചിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലോ നിയമസഭ ഉപതിരഞ്ഞെടുപ്പുകളിലോ തദ്ദേശ തിരഞ്ഞെടുപ്പിലോ സോളർ കേസ് വിഷയമായില്ല. കേസ് അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല.കോൺഗ്രസ് വിട്ടു ബിജെപിയിലെത്തി ദേശീയ വൈസ് പ്രസിഡന്റ് ആയ എ.പി. അബ്ദുല്ലക്കുട്ടി കൂടി പ്രതിയായതിനാൽ ബിജെപിക്കു സിബിഐ അന്വേഷണാവശ്യത്തെ പരസ്യമായി പിന്തുണയ്ക്കാനാകില്ല.2006 ൽ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണു യുഡിഎഫ് സർക്കാർ പിണറായി വിജയൻ ഉൾപ്പെട്ട ലാവ്‌ലിൻ കേസ് അന്വേഷണം സിബിഐക്കു വിടാൻ തീരുമാനിച്ചത്.തിരുവനന്തപുരംപിണറായി വിജയനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയ തീരുമാനമായിരുന്നു അത്. വിഎസ് പക്ഷം അതു മുതലെടുത്തു. കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്


