തിരുവനന്തപുരം : കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുതുജിവിപ്പികാനുളള നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിനായി ടൂറിസം സംരംഭകര്‍ക്ക് പലിശ ഇളവുകളോട് കൂടെയുള്ള വായ്പയും ഹൗസ് ബോട്ടുകള്‍ക്ക് വായ്പ നല്‍കുകയും ചെയ്തതായും മന്ത്രി അറിയിച്ചു. കെ.ടി.ഡി.സിയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിനായി 35 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ബജറ്റ് അവതരണത്തിനിടെ മന്ത്രി വ്യക്തമാക്കി. കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമബോർഡ് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ ടൂറിസം മേഖല പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ടൂറിസം മാര്‍ക്കറ്റിങ്ങ് വിഭാഗം കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിനായി 25 കോടി രൂപ അധികമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു. കേരളാ ടൂറിസം മേഖല ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഹെറിറ്റേജ്-സ്‌പൈസ് റൂട്ട് ടൂറിസം പ്രൊജക്ടുകളിലാണ്. മുസിരീസ് ആലപ്പുഴ-തലശേരി പൈതൃക പദ്ധതികള്‍ക്ക് പുറമെ, തിരുവനന്തപുരവും കോഴിക്കോടും ഈ പദ്ധതിയുടെ ഭാഗമാകും. ഈ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി 40 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തുപരം ഹെറിറ്റേജ് പദ്ധതിക്കായി 10 കോടി രൂപ പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്..