കൊല്ലം: കേരള തീരം അരിച്ചുപെറുക്കാൻ അമേരിക്കൻ കമ്പനിയായ ഇഎംസിസിയുടെ 400 ട്രോളറുകൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ന്യൂയോർക്കിൽ പോയാണ് ഈ കമ്പനിയെ കേരളത്തിലേക്കു ക്ഷണിച്ചത് എന്നും ചെന്നിത്തല പറഞ്ഞു. 400 ട്രോളറുകൾക്കും 5 മദർഷിപ്പുകൾക്കും കേരള തീരത്തു പ്രവർത്തനാനുമതി നൽകാൻ കഴിയും വിധം മത്സ്യനയത്തിലും സർക്കാർ മാറ്റം വരുത്തി.
സ്പ്രിൻക്ലർ ഇടപാടിനേക്കാൾ ഗുരുതരമായ ഈ ഇടപാടിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ക്ഷണിച്ചിട്ടാണു കേരളത്തിൽ വന്നതെന്നു മന്ത്രി ഇ.പി ജയരാജനു ഈ കമ്പനി കത്തെഴുതിയിട്ടുണ്ട്. ഇഎംസിസി കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനായി 10 ലക്ഷം രൂപ മൂലധനത്തിൽ ഇഎംസിസി ഇന്റർ നാഷണൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു രൂപം നൽകി.
2018 ലാണു മേഴ്സിക്കുട്ടിയമ്മ ന്യൂയോർക്കിൽ പോയത്. ധാരണാപത്രം ഒപ്പിട്ടതിനു പിന്നാലെ കഴിഞ്ഞയാഴ്ച കരാറിലും ഒപ്പിട്ടു. ആഗോള ടെൻഡർ വിളിക്കണമെന്നിരിക്കെ, അത്തരം ചട്ടങ്ങളൊന്നും പാലിക്കാതെയാണ് ഇടപാട്. അമേരിക്കൻ കമ്പനിക്കു കേരളത്തിൽ പ്രവർത്തിക്കുന്നതിനാവശ്യമായ സൗകര്യം ഒരുക്കാൻ തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്ത് 4 ഏക്കർ സ്ഥലവും വിട്ടുകൊടുത്തുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എൽഡിഎഫിൽ പോലും ഇതു ചർച്ച ചെയ്തിട്ടില്ലെന്നാണു വിവരം. വിഷയത്തിൽ മുഖ്യമന്ത്രിയും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും വിശദീകരണം നൽകണം. കേരള തീരത്തു മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്കു ചാള, അയല പോലുള്ള മത്സ്യങ്ങൾ കിട്ടാതിരിക്കുമ്പോഴാണു കടൽ അപ്പാടെ അരിച്ചു പെറുക്കാൻ സംസ്ഥാന സർക്കാർ അമേരിക്കൻ കമ്പനിക്ക് അനുമതി നൽകിയത്.


