തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്കു കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തുമെന്ന അഭ്യൂഹം പരക്കുന്നുണ്ട. എന്നാൽ ഇതുവരെ സിപിഎം സ്ഥിരീകരിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് കോടിയേരിയെ വീണ്ടും സെക്രട്ടറി ആക്കുമെന്ന പ്രചാരണം ശക്തമാണ്. എന്നാൽ ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം പരിഗണിച്ചില്ല.
ബെംഗളൂരു മയക്കുമരുന്നു കേസിലെ കുറ്റപത്രത്തിൽ ബിനീഷ് കോടിയേരിയുടെ പേരില്ല എന്നതു കോടിയേരിക്കു നൽകിയ സമാശ്വാസം കൂടി കണക്കിലെടുത്താണ് അദ്ദേഹം മടങ്ങിയെത്തുമെന്ന പ്രചാരണം നടന്നത്.
ഹൈക്കോടതിയെ സമീപിക്കുന്ന ബിനീഷിനു ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ പാർട്ടി കേന്ദ്രങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ, ചികിത്സ തുടരുന്ന കോടിയേരി ഇനിയും പൂർണമായി സുഖം പ്രാപിച്ചിട്ടില്ല. 2 മാസം കൂടിയെങ്കിലും ചികിത്സ തുടരേണ്ടി വന്നേക്കാം. ഈ സാഹചര്യത്തിൽ യാത്രയ്ക്കും പൊതു പരിപാടികൾക്കും നിയന്ത്രണമുണ്ട്.
എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ തിരുവനന്തപുരത്തെ സമാപന സമ്മേളനത്തിലും കോടിയേരി പങ്കെടുത്തില്ല. ആക്ടിങ് സെക്രട്ടറി, എൽഡിഎഫ് കൺവീനർ പദവികളിൽ എ. വിജയരാഘവൻ തുടരുമെന്നാണു സൂചനകൾ. 5നു സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തിൽ വ്യക്തത വരുത്തും.


