ന്യൂഡൽഹി : സ്വകാര്യ വിരുന്നിനിടെ തന്നോട് മോശമായി പെരുമാറി എന്നാരോപിച്ച് ബഹുജൻ സമാജ് പാർട്ടി മുൻ എംപി അക്ബർ അഹ്മദിനെതിരെ ഡൽഹി ബിജെപി വൈസ് പ്രസിഡന്റ് ഷാസിയ ഇൽമി കേസ് നൽകി. ഐപിസി സെക്‌ഷൻ 506(ഭീഷണിപ്പെടുത്തൽ) , 509 (സ്ത്രീയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, അല്ലെങ്കിൽ പ്രവൃത്തി) എന്നിവ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി 5ന് ഡൽഹിയിലെ വസന്ത് കുഞ്ചില്‍ അത്താഴവിരുന്നിനിടെ അക്ബർ അഹ്മദ് തന്നോട് മോശമായി പെരുമാറിയെന്നും മോശം പരാമർശങ്ങൾ നടത്തിയെന്നും പരാതിയിൽ ഇൽമി ആരോപിക്കുന്നു. ഇൽമിയുടെ പരാതി ലഭിച്ചതായും ഫെബ്രുവരി 7ന് കേസ് റജിസ്റ്റർ ചെയ്തതായും ഡപ്യൂട്ടി പൊലീസ് കമ്മിഷണർ (സൗത്ത് വെസ്റ്റ്) ഇംഗിത് പ്രതാപ് സിങ് പറഞ്ഞു.


