കൊല്ലം: പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ തള്ളി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവ് അസംബന്ധം വിളിച്ചു പറയുകയാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിലൊരു കമ്പനിക്ക് റജിസ്ട്രേഷനോ അനുമതികളോ നൽകിയിട്ടില്ലെന്നും. അന്തിമ അനുമതി കേന്ദ്ര സർക്കാരിന്റേതാണ്. ഫിഷറീസ് വകുപ്പ് അറിയാതെ ഇത്തരത്തിലൊരു കരാർ ഉണ്ടാകില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
പ്രതിപക്ഷ നേതാവ് മുങ്ങി ചാകാൻ പോകുമ്പോൾ എവിടെയെങ്കിലും പിടിച്ച് രക്ഷപെടാൻ ശ്രമിക്കുകയാണ്. പല കമ്പനികളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടാകും. എന്നാൽ, ആർക്കും അനുമതികളൊന്നും നൽകിയിട്ടില്ല. ചെന്നിത്തലയ്ക്ക് എന്തു തരം മാനസികാവസ്ഥയാണെന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു.
കേരള തീരത്ത് മത്സ്യബന്ധനത്തിന് അനുമതി നൽകി അമേരിക്കൻ കമ്പനിയുമായി സർക്കാർ കരാർ ഒപ്പിട്ടു എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറിപ്പടി പറയുകയായിരുന്നു മന്ത്രി. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ന്യൂയോർക്കിൽ പോയാണ് ഈ കമ്പനിയെ കേരളത്തിലേക്കു ക്ഷണിച്ചത്. 400 ട്രോളറുകൾക്കും 5 മദർഷിപ്പുകൾക്കും കേരള തീരത്തു പ്രവർത്തനാനുമതി നൽകാൻ കഴിയും വിധം മത്സ്യനയത്തിലും സർക്കാർ മാറ്റം വരുത്തിയെന്നും ചെന്നിത്തല പറഞ്ഞു.


